Image: PTI

മണിപ്പുരിലെ കാങ്പോക്പിയില്‍ ബസ് സര്‍വീസിന് നേരെ കുക്കികളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടതോടെ സുരക്ഷാസേന ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. സേന കണ്ണീര്‍വാതക പ്രയോഗവും നടത്തി. തലസ്ഥാനമായ ഇംഫാലില്‍ നിന്നും 45 കിലോമീറ്റര്‍ മാത്രം അകലെയാണ് കാങ്പോക്പി. 

രാഷ്ട്രപതിഭരണം നിലവിലുള്ള പ്രദേശത്ത് പ്രതിഷേധത്തിനും റോഡ് തടയുന്നതിനും അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ പലയിടത്തും കല്ലേറ് നടത്തി. റോഡുകളില്‍ കുഴിയുണ്ടാക്കി നശിപ്പിക്കുന്നതിന്‍റെയും ടയറുകളിട്ട് കത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. 

2023 മേയ് മുതലാണ് സംവരണത്തെ ചൊല്ലി മണിപ്പുരില്‍ കുക്കി–മെയ്തെയ് സംഘര്‍ഷം ആരംഭിച്ചത്. 250ലേറെപ്പേര്‍ ഇതുവരെ കൊല്ലപ്പെട്ടുകയും അരലക്ഷത്തോളം പേര്‍ക്ക് സ്വന്തം വീടും നാടും നഷ്ടമാവുകയും ചെയ്തു. 

ENGLISH SUMMARY:

Protests erupted in Kangpokpi, Manipur, against a bus service, leading to arson and clashes with security forces. Tear gas and lathi charges were used to control the situation.