ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രധാന വാഗ്ദാനമായിരുന്നു ചേരി നിവാസികള്‍ക്ക് മികച്ച ജീവിതം ഉറപ്പാക്കും എന്നത്. എന്നാല്‍ അധികാരമേറ്റ് രണ്ടാഴ്ച പിന്നിടുമ്പോള്‍ യമുനാതീരത്തെ ചേരികള്‍ പൊളിച്ചുകളയുകയാണ് ബി.ജെ.പി. സര്‍ക്കാര്‍. പകരം എങ്ങോട്ടെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല
ഡല്‍ഹി ശാസ്ത്രിനഗറില്‍ യമുനാതീരത്ത് വര്‍ഷങ്ങളായി കുടില്‍ക്കെട്ടി കഴിയുന്നവരാണിത്. രണ്ടുദിവസം മുന്‍പ് എം.സി.ഡി. അധികൃതരെത്തി ഒഴിഞ്ഞുപോകാന്‍ നോട്ടിസ് നല്‍കി. ഇന്നലെയായിരുന്നു അനുവദിച്ച സമയപരിധി. രാവിലെ ഉദ്യോഗസ്ഥര്‍ ടെന്‍റുകളൊക്കെ ബലമായി അഴിച്ചുനീക്കി. ഇവിടെ കഴിയുന്നവരില്‍ നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരും രോഗികളുമുണ്ട്. എവിടെ പോകുമെന്നറിയില്ല.
ടെന്‍റുകള്‍ അനധികൃതമാണെങ്കിലും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡിയുമുണ്ടെന്ന് താമസക്കാര്‍ പറയുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താമസിക്കാന്‍ വീടുനല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉള്ള സ്ഥലം പോലും ഇല്ലാതായി. ഉദ്യോഗസ്ഥര്‍ പോയതോടെ പലരും വീണ്ടും കുടില്‍കെട്ടാന്‍ തുടങ്ങി. ഏതുസമയവും ഒഴിഞ്ഞുപോകേണ്ടിവരുമെന്നവര്‍ക്കറിയാം