ഛഠ് പൂജയ്ക്കായി യമുനാ നദിയിൽ ബിജെപി സർക്കാർ കൃത്രിമ ജലാശയം ഉണ്ടാക്കിയെന്ന് ആരോപണം. നദിയോട് ചേർന്ന് ശുദ്ധീകരിച്ച ജലം നിറച്ച വ്യാജ യമുന നിർമിച്ചുവെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ആരോപണം അസംബന്ധമെന്ന് ബിജെപി പ്രതികരിച്ചു.
ബിഹാർ തിരഞ്ഞെടുപ്പും ഛഠ് പൂജയും ഒരുമിച്ചെത്തിയതോടെ യമുനാ നദിയിലെ മലിനീകരണം മറച്ചുവയ്ക്കാൻ ശ്രമമെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ഇതിനായി, നദിയോട് ചേർന്ന് മറ്റൊരു ജലശേഖരം തയാറാക്കി. ഇവിടേക്ക് ശുദ്ധീകരിച്ച ജലം ഒഴുക്കിവിട്ടു.യമുനാ നദിയിൽ വസീറാബാദ് ഫ്ലൈ ഓവറിന് സമീപമുള്ള ദൃശ്യങ്ങൾ ആണിത്. ഒരു വശത്ത് യമുനാ നദി കാണാം, മറുവശത്ത് ആം ആദ്മി പാർട്ടി ആരോപിക്കുന്ന കൃത്രിമ ജലാശയം അല്ലെങ്കിൽ തടയിണ ഉണ്ടാക്കിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക മാധ്യമമായ ദൂരദർശനിൽ മുഖ്യമന്ത്രി രേഖ ഗുപ്ത നൽകിയ അഭിമുഖത്തിലും യമുന നദിയെന്ന് പറഞ്ഞാണ് മൺതിട്ട കൊണ്ട് വേർതിരിച്ച ഭാഗത്തെ വിശേഷിപ്പിക്കുന്നത്. പുറമേക്ക് മനോഹരമായി തോന്നുമെങ്കിലും, യമുനാ നദിയിലെ വെള്ളം പലയിടത്തും ഇപ്പോഴും കറുത്ത നിറത്തിലും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലും തന്നെയാണ്. മാറ്റം ഇല്ലെന്നല്ല. യമുന നദി വൃത്തിയായി വരുന്നു. എന്നാൽ, രാഷ്ട്രീയ നേട്ടത്തിനായി അനാവശ്യ അവകാശവാദങ്ങൾ ഉയര്‍ത്തുന്നുവോ എന്ന ചോദ്യമാണ് ബാക്കി.