New Delhi: Debris and belongings lie outside the Syed Faiz Elahi mosque after the demolition of alleged encroachments from a land adjoining the mosque carried out by the Municipal Corporation of Delhi (MCD), at Turkman Gate area, in New Delhi, Wednesday, Jan. 7, 2025. (PTI Photo/Shahbaz Khan) (PTI01_07_2026_000006A)
ഡല്‍ഹിയിലെ രാംലില മൈതാനത്തിനടുത്ത് തുര്‍ക്ക്മാന്‍ ഗേറ്റിലുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ കസ്റ്റഡിയില്‍. ഫൈസ്–ഇ–ഇലാഹി മസ്ജിദിന് സമീപമാണ് സംഘര്‍ഷം. പള്ളിയുടെ സമീപത്തെ കെട്ടിടങ്ങളാണ് നിലവില്‍ പൊളിക്കുന്നത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെയാണ് പള്ളി പൊളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് ജനങ്ങള്‍ സംഘടിച്ചത്. സംഘര്‍ഷത്തില്‍ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്നാണ് ആരോപണം.
17 ബുള്‍ഡോസറുകളും 300 തൊഴിലാളികളുമായാണ് അധികൃതര്‍ കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതോടെ വീടുകളിലുള്ളവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്നും പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ജനങ്ങളുടെ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് നിസാര പരുക്കേറ്റു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
2025 നവംബറിലാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനായി മൂന്ന് മാസത്തെ സമയവും അനുവദിച്ചു. 38,940 ചതുരശ്രയടിയിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. സ്വകാര്യ ക്ലിനിക്കും ഫുട്പാത്തും ഒരു റോഡിന്‍റെ കുറച്ച് ഭാഗങ്ങളും പാര്‍ക്കിങ് ഏരിയയുമാണ് നിലവില്‍ പൊളിച്ച് നീക്കിയിരിക്കുന്നത്. പൊളിക്കുന്ന സ്ഥലം വേര്‍തിരിക്കാന്‍ ഞായറാഴ്ച സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം കാരണം ഇത് നടന്നില്ലെന്ന് അധികൃതര്‍ പറയുന്നു.