യമുനാ തീരത്ത് റീല്‍ ചിത്രീകരിക്കവേ ഡൽഹിയിലെ ബിജെപി എംഎൽഎ രവീന്ദർ സിങ് നേഗി കാല്‍ വഴുതി നദിയില്‍ വീണു. ഛഠ് പൂജ ആഘോഷങ്ങൾക്ക് മുന്നോടിയായിരുന്നു സംഭവം. രവീന്ദർ സിങ് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വൈറലായത്. യമുനയുടെ പരിശുദ്ധി തെളിയിക്കാന്‍ വെള്ളം കുടിച്ച് കാണിക്കാമെന്ന് രവീന്ദർ സിങ് പറയുന്നുണ്ട്. രണ്ട് കുപ്പികളും കയ്യില്‍ കാണാം. വെള്ളം എടുക്കുന്നതിനിടെ എംഎല്‍എ നദിയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. സമീപത്ത് നിന്നിരുന്ന ഒരാൾ സഹായിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നാലെ വിഡിയോ പങ്കുവച്ച് പരിഹാസവുമായി ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ സഞ്ജീവ് ഝായും എത്തി. ‘പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് രാജ്യ തലസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് ഒരു തൊഴിലായി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം കുറിച്ചു. നുണകളുടെ കൊടുമുടികളാണ് സൃഷ്ടിച്ചിരിക്കുന്നത്. നുണകളും കാപട്യവും നിറഞ്ഞ ഈ രാഷ്ട്രീയം മടുത്ത, യമുന തന്നെ അദ്ദേഹത്തെ തന്‍റെ അരികിലേക്ക് വിളിച്ചതാകാമെന്നും അദ്ദേഹം കുറിച്ചു.
യമുനയുടെ അവസ്ഥയെക്കുറിച്ച് ആം ആദ്മി സർക്കാരും ഭരണകക്ഷിയായ ബിജെപിയും തമ്മില്‍ ശക്തമായ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞയാഴ്ച യമുനാ നദി ശുദ്ധമാണെന്ന് തെളിയിക്കാൻ എഎപി നേതാവ് സൗരഭ് ഭരദ്വാജ് ബിജെപിയെ വെല്ലുവിളിച്ചിരുന്നു. യമുനയില്‍ നിന്ന് ഒരു ലിറ്റർ വെള്ളം കുടിക്കാൻ ധൈര്യമുണ്ടോ എന്നായിരുന്നു വെല്ലുവിളി. ‘മുൻ സർക്കാർ തളിച്ച രാസവസ്തു തന്നെ ഇപ്പോഴത്തെ സർക്കാരും തളിക്കുകയാണ്. രേഖ ഗുപ്ത യമുന ശുദ്ധമാണെന്നാണ് പറയുന്നതെങ്കില്‍ അവരോടും പർവേഷ് വർമ്മയോടും ഒരു ലിറ്റർ യമുന വെള്ളം കുടിച്ചു കാണിക്കാന്‍ ഞാന്‍ പറയുന്നു’ സൗരഭ് ഭരദ്വാജ് പറഞ്ഞു. അതേസമയം, ആം ആദ്മിയുടെ ഭരണകാലത്ത് പരാജയപ്പെട്ട ശുചീകരണ പദ്ധതികൾക്കായി പാർട്ടി 6,500 കോടി രൂപ പാഴാക്കിയെന്ന് ബിജെപി തിരിച്ചടിച്ചു.
അതേസമയം, ഛഠ് പൂജയ്ക്കായി പ്രധാനമന്ത്രിക്ക് കുളിക്കാന്‍ യമുനാ നദിയിൽ ബിജെപി സർക്കാർ കൃത്രിമ ജലാശയം ഉണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. നദിയോട് ചേർന്ന് ശുദ്ധീകരിച്ച ജലം നിറച്ച വ്യാജ യമുന നിർമിച്ചുവെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. എന്നാല്‍ ആരോപണം അസംബന്ധമെന്ന് ബിജെപി പ്രതികരിച്ചു.