എസ്.ഡി.പി.ഐ നിയന്ത്രിച്ചതും നയവും ദൈനംദിന കാര്യങ്ങളും തീരുമാനിച്ചതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇ.ഡി. പുറമേ സാമൂഹിക സംഘടനയെന്ന രീതിയില്‍ ഇസ്ലാമിക മുവ്മെന്‍റും ജിഹാദുമാണ് SDPI ലക്ഷ്യമിട്ടത്. എസ്ഡിപിഐക്കെന്ന പേരില്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിനായി പി.എഫ്.ഐ വിദേശത്തുനിന്നുള്‍പ്പെടെ പണം പിരിച്ചെന്നും ഇ.ഡി. വെളിപ്പെടുത്തി.
നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയ്യും ഫലത്തില്‍ ഒന്നുതന്നെയെന്നാണ് കേന്ദ്ര ഏജന്‍സിയുടെ വാദം. SDPI ദേശിയ പ്രസിഡന്‍റ് എം.കെ.ഫൈസിയെ കള്ളപ്പണ ഇടപാടുകേസില്‍ അറസ് റ്റുചെയ്ത പശ്ചാത്തലത്തിലാണ് ഇ.ഡി ഇരുസംഘടനകളും തമ്മിലുള്ള ബന്ധം വിശദീകരിച്ചത്. എസ്.ഡി.പി.ഐയുടെ ദൈനംദിന കാര്യങ്ങളുള്‍പ്പെടെ നിയന്ത്രിച്ചതും മേല്‍നോട്ടം വഹിച്ചതും പോപ്പുലര്‍ ഫ്രണ്ടാണ്. പാര്‍ട്ടിയുടെ നയരൂപീകരണവും പരിപാടികളും പ്രതിനിധികളെയും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെയും തീരുമാനിച്ചതും പി.എഫ്.ഐ തന്നെ. കായികമായും നിയമപരമായുമടക്കം എല്ലാ രൂപത്തിലും പ്രതിരോധത്തിനുള്ള ജിഹാദിന്‍റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പാര്‍ട്ടി നയത്തില്‍ പറയുന്നു. SDPIക്കെന്ന പേരില്‍ ഇന്ത്യയില്‍ ഭീകരവാദം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി വിദേശത്തുനിന്ന് പി.എഫ്.ഐക്ക് പണം ലഭിച്ചു. റമസാന്‍ സംഭാവനയെന്ന പേരില്‍ രാജ്യത്തിനകത്തും ധനസമാഹരണം നടത്തി. എം.കെ.ഫൈസിയുടെ നേതൃത്വത്തിലാണ് വിദേശത്തുനിന്നുള്‍പ്പെടെയുള്ള പണമിടപാടുകള്‍ നടന്നതും പണം കൈപ്പറ്റിയതും. കോഴിക്കോടുള്ള പിഎഫ്ഐ സംസ്ഥാന ആസ്ഥാനത്തെ റെയ്ഡില്‍ തെളിവുകള്‍ ലഭിച്ചതായും ഇ.ഡി അവകാശപ്പെട്ടു. 12 തവണ നോട്ടീസ് നൽകിയിട്ടും എം.കെ.ഫൈസി ഹാജരായില്ലെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് അറസ്റ്റുചെയ്ത ഫൈസിയെ പട്യാല ഹൗസ് കോടതി ആറു ദിവസത്തെ ED കസ്റ്റഡിയിൽ വിട്ടു. പി.എഫ്.ഐ നിരോധനത്തിനുപിന്നാലെ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.