ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റിലായ ആക്രിക്കച്ചവടക്കാരനും ഭാര്യയ്ക്കും ജാമ്യം അനുവദിച്ചു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യക്കെതിരെ ദമ്പതികളുടെ മകന്‍ മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് മാതാപിതാക്കളോട് ആരാഞ്ഞപ്പോള്‍ ഇവരും മുദ്രാവാക്യം ആവര്‍ത്തിച്ചെന്നാണ് കേസ്.
ദമ്പതികളുടെ കസ്റ്റഡി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും മാല്‍വാനിലെ കോടതി തള്ളുകയായിരുന്നു. മാൽവാനിലെ തർക്കർലി റോഡ് നിവാസി കിതാബുല്ല ഹമീദുല്ല ഖാനും ഭാര്യ ആയിഷയ്ക്കുമാണു പ്രാദേശിക കോടതി ജാമ്യം നൽകിയത്. കോടതി അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുതെന്നും ഉത്തരവിട്ടു.
ഇവരുടെ 15കാരനായ മകനെ കസ്റ്റഡിയില്‍ എടുത്ത് ജുവനൈല്‍ഹോമില്‍ അയച്ച ശേഷം അമ്മാവനൊപ്പം പറഞ്ഞുവിട്ടിരുന്നു. മാല്‍വാന്‍ സ്വദേശിയായ സച്ചിന്‍ വരാദ്ക്കര്‍ ആണ് പരാതി നല്‍കിയത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലേക്കുപോകുന്നതിനിടെയാണ് 15കാരനും സുഹൃത്തുക്കളും ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതു കേട്ടത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാതാപിതാക്കളും പ്രകോപനപരമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം കുട്ടിയുടെ പിതാവ് ഹമീദുല്ലയുടെ ആക്രിക്കട അനധികൃതമാണെന്ന് ആരോപിച്ച് മാൽവൺ മുനിസിപ്പൽ കൗൺസിൽ അധികൃതർ ഇടിച്ചുനിരത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ദമ്പതികള്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. തിരക്കിട്ട് ദമ്പതികളെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ വിമർശിച്ച് നിയമ വിദഗ്ധരും രംഗത്തെത്തിയിരുന്നു.
നോട്ടിസ് നൽകുകയും വിശദീകരണം കേൾക്കുകയും ചെയ്ത ശേഷം തൃപ്തികരമല്ലെങ്കിൽ മാത്രം കടുത്ത നടപടികളിലേക്കു നീങ്ങുകയാണ് ചെയ്യേണ്ടത് എന്നിരിക്കെ തിടുക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഭിഭാഷകനായ നിതിൻ പ്രധാൻ പറഞ്ഞു.