ടിവികെയുടെ ഒന്നാംവാര്‍ഷിക സമ്മേളനത്തില്‍ ബിജെപിക്കും ഡിഎംകെയ്ക്കും എതിരെ കടുത്ത ആരോപണവുമായി അധ്യക്ഷന്‍ വിജയ്. ത്രിഭാഷ നയത്തില്‍ ബിജെപി – ഡിഎംകെ അഡ്ജസ്റ്റ്മെന്‍റ് എന്ന് വിമര്‍ശനം. മഹാബലിപുരത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വിജയ്‌യെ പ്രശംസ കൊണ്ട് മൂടി.
പതിവ് പോലെ പാര്‍ട്ടിയുടെ രാഷ്ട്രീയ എതിരാളിയേയും നയപരമായ എതിരാളിയേയും വിമര്‍ശിച്ച് തന്നെയാണ് വിജയ് വേദിവിട്ടത്. ത്രിഭാഷ നയം അംഗീകരിച്ചില്ലെങ്കില്‍ പണം നല്‍കില്ലെന്ന് കേന്ദ്രം പറയുന്നു. പണം നല്‍കേണ്ടത് കേന്ദ്രത്തിന്‍റേയും വിഹിതം നേടിയെടുക്കേണ്ടത് സംസ്ഥാനത്തിന്‍റേയും ഉത്തരവാദിത്തമാണ്. എന്നാല്‍ എല്‍കെജി യുകെജി കുട്ടികളെ പോലെ കേന്ദ്രവും സംസ്ഥാനവും വഴക്കിടുന്നുവെന്നാണ് വിജയ്‌യുടെ പരിഹാസം.
തന്‍റെ വരവ് ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും വിജയ്. വിജയ് തമിഴ്നാടിന്‍റെ പ്രതീക്ഷയാണെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2026–ല്‍ വിജയ് അധികാരത്തിലെത്തുമ്പോള്‍ തമിഴില്‍ നന്ദിപറയാന്‍ താന്‍ എത്തുമെന്നും പറഞ്ഞു. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഹാഷ് ടാഗ് ഗെറ്റ് ഔട്ട് എന്ന ക്യാംപെയ്നും തുടക്കമിട്ടു. വിജയും മറ്റ് നേതാക്കളും ഒപ്പുവച്ചെങ്കിലും പ്രശാന്ത് കിഷോര്‍ ഒപ്പുവച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇന്നലെ ബിജെപി വിട്ട നടിയും കലാ സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജന നാച്ചിയാര്‍ ടിവികെയില്‍ ചേര്‍ന്നു. അതിനിടെ മഹാബലിപുരത്തെ സമ്മേളന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റമുണ്ടായി. ബൗണ്‍സര്‍മാരാണ് കയ്യേറ്റം ചെയ്തത്. ഇന്ന് രാവിലെ ചെന്നൈ നീലാങ്കരയിലുള്ള വിജയ്‌യുടെ വീട്ടിലേക്ക് ചെരുപ്പേറുണ്ടായി. യുവാവിനെ പൊലീസ് പിടികൂടി