മഹാ കുഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുകയും വിൽക്കുകയും ചെയ്തതിന് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്തതായി ഉത്തർപ്രദേശ് പോലീസ്. സ്ത്രീകൾ കുളിക്കുന്നതിന്‍റേയും വസ്ത്രം മാറുന്നതിന്‍റേയും വിഡിയോകളാണ് അപ്‌ലോഡ് ചെയ്തിരുന്നത്. കുഭമേളയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തർപ്രദേശ് പോലീസ് മേധാവി നിർദ്ദേശം നല്‍കിയിരുന്നു.
സ്ത്രീകളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും വിരുദ്ധമായി ചില പ്ലാറ്റ്‌ഫോമുകൾ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതായി സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. ഇതിനെ തുടർന്ന് കോട്വാലി പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു. വനിതാ തീർത്ഥാടകരുടെ അനുചിതമായ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്.
അക്കൗണ്ട് ഓപ്പറേറ്ററെ തിരിച്ചറിയാൻ മെറ്റയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിശദാംശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ഒരു ടെലിഗ്രാം ചാനല്‍ സമാനമായ വീഡിയോകൾ വിൽപ്പനയ്ക്ക് വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തി. ചാനലിനെതിരെ നിയമനടപടികൾ ആരംഭിച്ചു. മഹാ കുഭമേളയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.