മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്. അര്‍ധരാത്രി തിരക്കിട്ട് നടത്തിയ നിയമനം ഏകപക്ഷീയമാണെന്ന് കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി. നിയമനരീതിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനിടെ ഇന്നലെ രാത്രിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കിയത്. നിയമന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ നിയമനം നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ വിയോജനക്കുറിപ്പ് നൽകിയിരുന്നു. വിയോജിപ്പ് അവഗണിച്ചതില്‍ കോണ്‍ഗ്രസ് വീണ്ടും എതിര്‍പ്പുയര്‍ത്തുന്നു. സര്‍ക്കാരിന്‍റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഗ്യാനേഷ് കുമാറിനെതന്നെ നിയമിച്ചതിലും വിയോജിപ്പുണ്ട്.
സുപ്രിം കോടതി വിധി ലംഘിച്ച് നിയമനം നടത്തിയത് നിയമ വ്യവസ്ഥയെ പരിഹസിക്കലാണെന്നും ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ നിശ്ചയിച്ച പ്രകാരം നാളെ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. നാളത്തെ കോടതി ഉത്തരവ് നിര്‍ണായകമാവും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതമായ ഗ്യാനേഷ് കുമാർ 1988ലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനണ്. ആഭ്യന്തരമന്ത്രാലയത്തിൽ അഡീഷണല്‍ സെക്രട്ടറിയെന്ന നിലയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനായ ഗ്യാനേഷ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ബിൽ തയാറാക്കുന്നതിലും അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലും മുഖ്യപങ്കുവഹിച്ചു. കഴിഞ്ഞവർഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്.