തിരുവനന്തപുരം സീറ്റ് സിഎംപി നേതാവ് സി.പി. ജോണിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ കടുത്ത എതിര്‍പ്പ്. സീറ്റ് വിഭജനം ഇന്നും നാളെയുമായി പൂര്‍ത്തിയാക്കാനിരിക്കെ, ഇക്കാര്യത്തിലുള്ള എതിര്‍പ്പ് സംസ്ഥാന നേതൃത്വത്തെ ഡി.സി.സി അറിയിച്ചു. ജോണ്‍ മത്സരിച്ചാല്‍ തിരുവനന്തപുരം അടുത്ത നേമമായി മാറുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, സീറ്റ് വിഭജനം പൂര്‍ത്തിയായാലുടന്‍ അവശേഷിക്കുന്ന 50 സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടക്കും.
തിരുവമ്പാടി അല്ലെങ്കില്‍ തിരുവനന്തപുരം – സി.പി.ജോണ്‍ മനസില്‍ കണ്ട രണ്ടു മണ്ഡലങ്ങള്‍. തിരുവമ്പാടിയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.ജോണിന്‍റെ സിഎംപി. ജോണിന് വിജയസാധ്യതയുള്ള ഒരു സീറ്റ് നല്‍കണമെന്ന അഭിപ്രായമാണ് വി.ഡി.സതീശനും. എന്നാല്‍, ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്ന ഡി.സി.സി കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനവും കടുത്ത എതിര്‍പ്പുമാണ് ഉയര്‍ന്നിട്ടുള്ളത്. ജോണ്‍ മത്സരിച്ചാല്‍ തിരുവനന്തപുരം മണ്ഡലം അടുത്ത നേമമായി മാറുമെന്ന് വിമര്‍ശനമുയര്‍ന്നു. ബി.ജെ.പി വോട്ടുകള്‍ കൂടാന്‍ ഇടയാക്കുമെന്ന് വിലയിരുത്തിയ ഡി.സി.സി നേതൃത്വം എതിര്‍പ്പ് സംസ്ഥാന നേതൃത്വത്തെയും അറിയിച്ചു.
അതേസമയം, പുതുയുഗ യാത്ര സമാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമായി. കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രണ്ടിടത്തും കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നാണ് പരാതി. പുഞ്ഞാര്‍– ഏറ്റുമാനൂര്‍ സീറ്റ് വച്ചുമാറ്റവും പരിഗണനയിലുണ്ട്. മട്ടന്നൂര്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ആര്‍.എസ്.പിക്ക് പകരം ഏത് സീറ്റ് എന്നതില്‍ തീരുമാനമായിട്ടില്ല. കൊല്ലം ചോദിക്കുന്ന ഫോര്‍വേഡ് ബ്ളോക്കിനെ ചാത്തനൂര്‍ നല്‍കി തൃപ്തിപ്പെടുത്തും. സീറ്റ് വിഭജനം പൂര്‍ത്തിയാല്‍ അവശേഷിക്കുന്ന 50 സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സീറ്റിനായി പിടിവലി നടത്തുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കും. തിരുവല്ലയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരെഞ്ഞ് അറിഞ്ഞ ശേഷമേ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് ചിത്രം തെളിയൂ. ആലപ്പുഴയില്‍ ജി.സുധാകരന്‍റെ നീക്കം വിലയിരുത്തിയാകും സ്ഥാനാര്‍ഥി നിര്‍ണയം.