കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് ഗതാഗതമന്ത്രി സി.പി.ജോണ്‍. വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന സൗജന്യം അതേമട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാവില്ല. സ്വകാര്യ ബസുടമകളുടെ പ്രതിസന്ധി ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. കൂടുതല്‍ ഗ്രാമവണ്ടി ഓടിക്കുന്നതിന് പുറമെ നഗരവണ്ടിയെന്ന ആശയവും നടപ്പാക്കും. ബസില്‍ കയറി ഞങ്ങള്‍ക്ക് സൗജന്യം വേണ്ട ടിക്കറ്റെടുത്താണ് യാത്ര ചെയ്യാന്‍ ആഗ്രഹമെന്ന് സ്ത്രീകള്‍ പറഞ്ഞാലും നിലവില്‍ അതിനുള്ള അവസരമില്ലെന്നും ഗതാഗതമന്ത്രി സി.പി.ജോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇന്നുമുതൽ സൗജന്യത്തിന്റെ ശുഭയാത്ര. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നതിന് പിന്നാലെ സംസ്ഥാനത്താകെ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശനി പദ്ധതി പ്രാബല്യത്തിൽ വരും. ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് വരെ ബസിൽ യാത്ര ചെയ്യും.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് ഓടിക്കുന്നത് പെരുമ്പാവൂര്‍ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീലയാണ്. കെഎസ്ആര്‍ടിസിയില്‍ പിഎസ്‍സി വഴി ആദ്യമായി നിയമിക്കപ്പെട്ട ഡ്രൈവറാണ് 13 വര്‍ഷം മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച ഷീല. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ബസിന്റെ കണ്ടക്ടർ ജയകുമാരിയാണ്. സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ഒൻപത് മണിയോടെ 3,125 ഓർഡിനറി ബസുകളിലും സൗജന്യയാത്ര ലഭ്യമായി തുടങ്ങും. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സീറോ ടിക്കറ്റ് ലഭിക്കും. സർക്കാർ അധികാരമേറ്റ് ഒരുമാസം തികയും മുൻപേയാണ് അധികാരത്തിലേക്കുള്ള വഴിതുറന്ന പ്രധാന ഇന്ദിരാ ഗ്യാരന്റികളില്‍ ഒന്ന് നടപ്പാകുന്നത്.