amad-diallo

ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ കടുത്ത പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഐവറി കോസ്റ്റിന് ശുഭതുടക്കം. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 89-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമാദ് ഡിയാലോ നേടിയ തകർപ്പൻ ഗോളാണ് ഐവറി കോസ്റ്റിന് രക്ഷയായത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇക്വഡോറിനായിരുന്നു ആധിപത്യം. എന്നാല്‍ നിർഭാഗ്യം ഇക്വഡോറിന് ലീഡ് നിഷേധിക്കുകയായിരുന്നു. മധ്യനിര താരം മോയ്സസ് കൈസെഡോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ, അലൻ മിൻഡയുടെ മറ്റൊരു ശ്രമവും ബോക്സിന് വെളിയിൽ തട്ടി മടങ്ങി. എന്നെർ വലൻസിയയുടെയും ജോൺ യെബോവയുടെയും കിക്കുകള്‍ ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പറന്നകന്നു. ഇതിനിടെ ഐവറികോസ്റ്റ് ചോദിച്ചുവാങ്ങിയത് മൂന്ന് മഞ്ഞക്കാര്‍ഡുകളാണ്.

രണ്ടാം പകുതിയിൽ ഇരുടീമുകളും മാറ്റങ്ങളോടെയാണ് കളി തുടങ്ങിയത്. 55-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ അമാദ് ഡിയാലോ ഐവറി കോസ്റ്റിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 89-ാം മിനിറ്റിലാണ് നാടകീയ ഗോൾ പിറന്നത്. വിൽഫ്രഡ് സിംഗോ നൽകിയ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യത്തിൽ നിന്ന് അമാദ് ഡിയാലോ തൊടുത്ത ഷോട്ട് ഇക്വഡോറിന്‍റെ ഗോള്‍വല തുളച്ചുകയറി. വി.എ.ആർ പരിശോധനയ്ക്ക് ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.

ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്യുറസാവോയെ 7-1ന് തകർത്ത ജർമ്മനിയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള ഐവറി കോസ്റ്റ് രണ്ടാം സ്ഥാനത്താണ്. തോൽവിയോടെ ഇക്വഡോർ മൂന്നാമതും ക്യുറസാവോ നാലാമതുമായി. ജൂൺ 20-ന് നടക്കുന്ന തങ്ങളുടെ അടുത്ത മത്സരത്തിൽ ഐവറി കോസ്റ്റ് ജർമ്മനിയെ നേരിടുമ്പോൾ, ഇക്വഡോർ ക്യുറസാവോയുമായി ഏറ്റുമുട്ടും.

ENGLISH SUMMARY:

Ivory Coast secured a vital 1-0 victory against Ecuador in their 2026 World Cup Group E opening clash at the Philadelphia stadium. Despite Ecuador dominating the first half and coming close on multiple occasions, including a Moises Caicedo effort that struck the post, they failed to find the back of the net. The second half saw a tactical shift as Amad Diallo came off the bench in the 55th minute to invigorate the Ivorian attack. With the match seemingly headed for a goalless draw, Diallo delivered the decisive moment in the 89th minute by clinically finishing a pass from Wilfried Singo. The goal, which was confirmed following a tense VAR review, moved Ivory Coast into second place in Group E behind leaders Germany. Both teams now prepare for their next matches on June 20, where Ivory Coast will face Germany and Ecuador will take on Curacao.