ആഗ്ര സ്വദേശി ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡോ. വിവേക് ജോഷി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ . മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തിര്‍പ്പറിയിച്ചിരുന്നു. ഇന്നത്തെ യോഗം സുപ്രീംകോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് തള്ളിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ നാളെ വിരമിക്കും.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതി അംഗങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ യോഗം മാറ്റിവയ്ക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുമടങ്ങുന്ന സമിതിയംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്ന് വൈകുന്നേരമാണ് യോഗം ചേര്‍ന്നത്. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് നിലപാടെന്ന് കോണ്‍ഗ്രസ്.
തോല്‍വി അംഗീകരിക്കാത്ത ചിലര്‍, തിരഞ്ഞടുപ്പ് കമ്മിഷനെ കുറ്റം പറയുകയും കള്ളപ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വിമര്‍ശിച്ചു. യാത്രയയ്പ്പ് ചടങ്ങിലായിരുന്നു വിമര്‍ശനം.