റെയിൽവേയുടെ വലിയ അനാസ്ഥയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ വലിയ അപകടത്തിനിടയാക്കിയതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. അപകടശേഷവും അതിന്റെ വ്യാപ്തി മറച്ചുവെക്കാനായിരുന്നു സർക്കാർ ശ്രമം.
പതിനാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന പ്രയാഗ്രാജിലേക്കുള്ള സ്പെഷൽ ട്രെയിനിൽ കയറാൻ ആളുകൾ കൂട്ടത്തോടെ എത്തിയത് തിരക്കിനിടയാക്കി. ഈ ട്രെയിനിലേക്കായി ആയിരത്തി അഞ്ഞൂറിലേറെ ജനറൽ ടിക്കറ്റുകൾ വിറ്റു പോയിരുന്നു. ട്രെയിൻ ആദ്യം അറിയിച്ച പ്ലാറ്റ്ഫോമിൽ നിന്ന് മാറി മറ്റൊരു പ്ലാറ്റ് ഫോമിൽ വരിക കൂടി ചെയ്തതോടെ ആളുകൾ പല വഴിക്ക് ഓട്ടമായി. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. തിരക്ക് നിയന്ത്രിക്കാൻ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു.
അപകടത്തിനു പിന്നാലെ റെയിൽവെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ലഫ്റ്റനൻ്റ് ഗവർണറും കാവൽ മുഖ്യമന്ത്രി അതിഷിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.