അമൃത്സറിലെത്തിയ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ പൊലീസ് സുരക്ഷയില്‍ പുറത്തെത്തിക്കുന്നു.
അമേരിക്കയില്‍ നിന്നും ഇന്നലെ തിരിച്ചെത്തിയ അനധികൃത ഇന്ത്യക്കാരില്‍ രണ്ട് കൊലക്കേസ് പ്രതികളും. ശനിയാഴ്ച രാത്രി തിരിച്ചെത്തിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്യാലയിലെ രാജ്പുര ജില്ലയില്‍ നിന്നുള്ള സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരെയാണ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുഎസില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കയ്യിലും കാലിലും വിലങ്ങിട്ടാണ്. 10 ദിവസം മുമ്പെത്തിയ ആദ്യവിമാനത്തില്‍ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് കൊണ്ടുവന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും ഇത്തവണയും സ്ഥിതി മാറിയില്ല. കൈകാലുകള്‍ ബന്ധിച്ചിരുന്നെന്നും ഇന്ത്യയിലേക്ക് നാടുകടത്തുകയാണെന്ന് അറിയിച്ചിരുന്നുവെന്നും പഞ്ചാബ് സ്വദേശിയായ യുവാവ് പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് എത്തിയവരെ പോലെ കൈകള്‍ വിലങ്ങണിയിച്ച് കാലുകള്‍ ചങ്ങലക്കിട്ടാണ് നാട്ടിലെത്തിച്ചതെന്ന് മന്‍ദീപ് സിങ് പറഞ്ഞു. '66 മണിക്കൂര്‍ നരകം പോലെയായിരുന്നു. പക്ഷേ ഇത് ഞങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു. മറ്റുള്ളവരുടെ മനസ് വായിക്കാന്‍ ആര്‍ക്കും സാധിക്കില്ല. തിരിച്ചയക്കുന്ന സമയത്ത് എന്ത് വേണമെങ്കിലും സംഭവിക്കാം' എന്നും മന്‍ദീപ് പറഞ്ഞു.
'പലരും വിഷാദത്തിലായിരുന്നു. നിരാശരായിരുന്നു. നഷ്ടബോധത്തിലായിരുന്നു പലരും. കരഞ്ഞുകൊണ്ട് അസാധാരണമായാണ് പലരും വിമാനത്താവളത്തില്‍ പെരുമാറിയത്. എല്ലാവര്‍ക്കും യുഎസില്‍ മികച്ചൊരു ഭാവിയായിരുന്നു സ്വപ്നം. ഒരു വിദേശരാജ്യത്ത് പിടിക്കപ്പെടുന്നു. തടങ്കലിൽ വെയ്ക്കുന്നു. ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഇത് മാനസികമായി ബാധിക്കും', മൻദീപ് പറഞ്ഞു.
'തിരിച്ചെത്തിയവര്‍ക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് നല്‍കിയത്. പതിനഞ്ച് ദിവസം പല്ല് തേക്കുകയോ കുളിക്കുകയോ ചെയ്തിട്ടില്ല. ആകെ തകര്‍ന്ന നിലയിലായിരുന്നു തിരിച്ചെത്തിയവര്‍' എന്ന് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
119 അനധിക്യത കുടിയേറ്റക്കാരെയാണ് ഇന്നലെ സൈനിക വിമാനത്തില്‍ അമൃത്സതറിലെത്തിച്ചത്. ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായുള്ള യു.എസ് വ്യോമസേന വിമാനം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അമ്യത്സറിലെത്തിയത്. വിലങ്ങുകളണിയിച്ച് ഇന്ത്യക്കാരെ എത്തിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയം അമേരിക്കയെ ആശങ്ക അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നാടുകടത്തല്‍ സമീപനത്തില്‍ മാറ്റമുണ്ടായില്ല.
രണ്ടാംഘട്ടത്തില്‍ നാടുകടത്തപ്പെട്ടവരിലേറെയും പഞ്ചാബിൽനിന്നുള്ളവരാണ്, 67 പേര്‍. ഹരിയാനയിൽനിന്ന് 33 പേരും ഗുജറാത്തിൽനിന്ന് എട്ട് പേരും ഉള്‍പ്പെടുന്നു. നാല് സ്ത്രീകളും പ്രായപൂർത്തിയാകാത്ത മൂന്നുപേരും ഇക്കൂട്ടത്തിലുണ്ട്. സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും കേന്ദ്ര മന്ത്രി രവനീത് ബിട്ടുവും വിമാനത്താവളത്തിൽ എത്തിയിരുന്നു. നാടുകടത്തപ്പെട്ടവരെ പരിശോധനകൾക്കു ശേഷം സ്വന്തം നാടുകളിലേക്കയച്ചു. 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയാണ് ആദ്യം നാടുകടത്തിയത്. 157 പേരുമായുള്ള മൂന്നാം വിമാനം ഇന്ന് രാത്രി എത്തും.