തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിയായ വിദേശ പൗരന് ദാരുണാന്ത്യം. ജർമൻ സ്വദേശിയായ മൈക്കിളാണ് കൊല്ലപ്പെട്ടത്. എഴുപത്തിയാറ് വയസ്സാണ് പ്രായം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാൽപ്പാറ ടൈഗർ വാലിയിൽ ഇന്നലെ വൈകിട്ടാണ് അത്യാഹിതമുണ്ടായത്. റോഡിൽ നിൽക്കുകയായിരുന്ന ഒറ്റയാൻ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മൈക്കിളിനെ ആക്രമിക്കുകയായിരുന്നു.
കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു എന്നാണ് വിവരം. എന്നാല്‍ മൈക്കിള്‍ വാഹനവുമായി മുന്നോട്ടുപോയി. മറ്റു വാഹനങ്ങളിലുള്ളവരുടെയും വനപാലകരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം മുന്നോട്ടു പോയതാണ് അപകടത്തിൽപെടാൻ കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ.
കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ, പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു എന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ബൈക്കിൽ നിന്നു വീണ മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആനയുടെ പിടിയിൽ അകപ്പെട്ടു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണു പരുക്കേറ്റ മൈക്കിളിനെ റോഡിൽ നിന്നു മാറ്റിയത്.
തലയ്ക്കും, വയറിനും, കാലിനും സാരമായി പരുക്കേറ്റ മൈക്കിളിനെ ആദ്യം വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും, പിന്നീട് പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഒരാഴ്ചയായി ഒറ്റയാന്‍റെ സാന്നിധ്യമുണ്ടെന്ന് വനപാലകർ വ്യക്തമാക്കി. വിനോദ സഞ്ചാരികളും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് വനം വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.