മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ടീഷര്‍ട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ പട്ടാപ്പകല്‍ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തി. പുതുതായി വാങ്ങിയ ടീഷര്‍ട്ട് സുഹൃത്ത് ധരിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അതിദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. ശുഭം ഹരാനെ എന്ന യുവാവിനെയാണ് സുഹൃത്ത് പ്രയാഗ് അസോള്‍ ആളുകള്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്.
പ്രയാഗിന്‍റെ ജ്യേഷ്ഠന്‍ അക്ഷയാണ് പുതിയ ടീഷര്‍ട്ട് വാങ്ങിയത്. ഇരുവരുടെയും സുഹൃത്തായ ശുഭം ചോദിക്കാതെ ടീഷര്‍ട്ട് എടുത്ത് ധരിച്ചു. അക്ഷയിനെ ഇത് പ്രകോപിപ്പിക്കുകയും തര്‍ക്കം തുടങ്ങുകയും ചെയ്തു. ഈ വിഷയത്തെ ചൊല്ലി രണ്ടുദിവസത്തോളം തര്‍ക്കം നീണ്ടു. ഒടുവില്‍ കയ്യാങ്കളിയുമുണ്ടായി. ശുഭം മര്‍ദിച്ചെന്ന് കാണിച്ച് അക്ഷയ് പൊലീസില്‍ പരാതിയും നല്‍കി.
ഇതേ തുടര്‍ന്നാണ് തര്‍ക്കത്തില്‍ പ്രയാഗ് ഇടപെട്ടത്. വിഷയം സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് അക്ഷയും പ്രയാഗും ശുഭത്തെ വിളിച്ചുവരുത്തി. പക്ഷേ പ്രശ്നം വീണ്ടും വഷളായി. തര്‍ക്കം രൂക്ഷമായി. വീണ്ടും കയ്യാങ്കളിയുണ്ടാവുകയും പ്രയാഗ് ശുഭത്തെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.