മുംബൈ ബാന്ദ്ര ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ 55കാരി പീഡനത്തിന് ഇരയായി. കേസിൽ റെയില്‍വേ പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഹരിദ്വാറിൽ നിന്നും ബന്ധുവിനൊപ്പം ബാന്ദ്രയിലെത്തിയ സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്.
55കാരിയെ പ്ലാറ്റ്‌ഫോമിൽ ഇരുത്തിയശേഷം ജോലിസംബന്ധമായ കാര്യങ്ങൾക്കായി ബന്ധു പുറത്തേക്ക് പോയിരുന്നു. വിശ്രമിക്കാനായി സ്ത്രീ ആളൊഴിഞ്ഞ ട്രെയിനിൽ കയറിക്കിടന്നു. ഇത് ശ്രദ്ധിച്ച പോർട്ടർ ട്രെയിനിൽകയറി ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ട്രെയിനുകളില്‍ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങള്‍ അനുദിനം വർധിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി ലോക്കൽ ട്രെയിനിൽ ക്യാമറകൾ ഘടിപ്പിച്ചെങ്കിലും പേരിന് മാത്രമേയുള്ളൂവെന്നാണ് യാത്രക്കാരുടെ പരാതി. ദീർഘദൂര ട്രെയിനുകള്‍ സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ബാന്ദ്ര ടെർമിനസിൽ സ്ത്രീ അതിക്രമത്തിന് ഇരയായപ്പോള്‍ റെയിൽവേ പൊലീസ് എവിടെയായിരുന്നു എന്ന ചോദ്യവും ഉയരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.