mm-varghese-karuvannur-01

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കി. പാര്‍ട്ടിക്ക് തൃശൂര്‍ ജില്ലയില്‍ മാത്രം 25ലേറെ രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. നേരത്തെ പലതവണ വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തെങ്കിലും നാല് അക്കൗണ്ടുകളുടെ വിവരങ്ങള്‍ മാത്രമാണ് കൈമാറിയത്. പത്ത് വര്‍ഷത്തിനിടെ രഹസ്യ അക്കൗണ്ടുകള്‍ വഴി 100 കോടിയിലേറെ രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും ഇഡി കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെ നേരിട്ട് കുരുക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും സുപ്രധാന കത്ത് നല്‍കി. നിയമവും ചട്ടങ്ങളും ലംഘിച്ച് ബാങ്ക് അക്കൗണ്ടുകള്‍ പാര്‍ട്ടി തുറന്നതായി ഇഡി കണ്ടെത്തി. കേസില്‍ നിര്‍ണായക നടപടികളുണ്ടോയേക്കും. ഇഡി നീക്കത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല

 

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നതിലാണ് ഇഡി അന്വേഷണം. ബാങ്കില്‍ സിപിഎമ്മിന് അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തി. പാര്‍ട്ടി ഒാഫീസ് നിര്‍മിക്കാന്‍ ഭൂമി വാങ്ങാന്‍ ഫണ്ട് സമാഹരിക്കാന്‍ ഉള്‍പ്പെടെയാണ് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. കേരള സഹകരണ സംഘ നിയമവും ബാങ്കിന്‍റെ ബൈലോയും പാലിക്കാതെയാണ് അക്കൗണ്ട് തുറന്നത്. തൃശൂരില്‍ സിപിഎമ്മിന് 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ 25 അക്കൗണ്ടുകള്‍ വിവിധ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ സിപിഎം സമര്‍പ്പിച്ചിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സംഭാവന സ്വീകരിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുന്നതിനുമുള്ള ചട്ടങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാര്‍ഗരേഖയും ജനപ്രാതിനിധ്യ നിയമവും ലംഘിച്ചുവെന്നാണ് ഇഡി വിലയിരുത്തല്‍. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെയും റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തിലെ റവന്യു വകുപ്പിനെയും അറിയിച്ചു. ഇഡി നീക്കത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ. 

 

സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരം പാവപ്പെട്ടവരുടെ വസ്തുവഹകള്‍ ഈടുവച്ച് അവരുടെ അറിവില്ലാതെ വായ്പകള്‍ അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു. സഹകരണ സംഘത്തില്‍ അംഗത്വം നല്‍കുന്നതില്‍ ക്രമക്കേടുണ്ട്. അംഗങ്ങളുടെ വിലാസത്തില്‍ അടക്കം പൊരുത്തക്കേടുണ്ട്. സ്വര്‍ണവായ്പ നല്‍കുന്നതില്‍ ക്രമക്കേടുണ്ട്. സംഘത്തിന്‍റെ കീഴിലെ മറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നില്ല. എന്നിവയാണ് ഇഡിയുടെ ആരോപണങ്ങള്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച പ്രധാനമന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇഡിയുടെ ഭാഗത്തുനിന്നും വരും ദിവസങ്ങളില്‍ നിര്‍ണായക നീക്കങ്ങളുണ്ടായേക്കും. കേരളത്തിലെ നിരവധി സഹകരണ സംഘങ്ങളിലും സമാനമായ ക്രമക്കേടുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. 

 

karuvannur bank scam ed issued notice to cpm thrissur district secretary mm varghese