ചെക് റിപ്പബ്ലിക്കൻ സുന്ദരി ക്രിസ്റ്റീന പിസ്കോവ എഴുപത്തിഒന്നാമത് ലോക സുന്ദരീ പട്ടം സ്വന്തമാക്കി. ലബനന്റെ യാസ്മിന സൈയ്തൂനാണ് ഫസ്റ്റ് റണ്ണറപ്പ്. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യയുടെ സിനി ഷെട്ടിക്ക് അവസാന നാലിൽ എത്താൻ കഴിഞ്ഞില്ല. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥ്യം വഹിച്ചത്.
ലോക സുന്ദരി പട്ടത്തിന് ഇനി പുതിയ അവകാശി. 115 രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികളെ മറികടന്ന് 24 കാരിയ ചെക്റിബ്ലിക്കൻ സുന്ദരി ക്രിസ്റ്റീന പിസ്കോവ മിസ് വേൾഡ് കിരീടം ചൂടി. അഴകിന്റെ, അറിവിന്റെ, ആത്മവിശ്വാസത്തിന്റെ പുതിയ ഉയരം തൊടുന്നു ക്രിസ്റ്റീന. കഴിഞ്ഞ തവണത്തെ മിസ് വേൾഡായ കാരലിന ബിയലവ്സ്ക വിജയിയെ കിരീടം അണിയിച്ചു. ലബനനിൽ നിന്നുള്ള യാസ്മിന സെയ്തൂനാണ് ഫസ്റ്റ് റണ്ണർ അപ്പ്. മോഡലിഗ് രംഗത്ത് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയയാണ് ക്രിസ്റ്റീന. ടാൻസാനിയായിൽ നിന്നുള്ള നിർധനരായ വിദ്യാർഥികൾക്ക് വേണ്ടി താൻ ആരംഭിച്ച സ്കൂളിനായി ഈ നേട്ടം സമർപ്പിക്കുകയാണെന്ന് മിസ് വേൾഡിന്റെ ആദ്യ പ്രതികരണം.
ഇന്ത്യയുടെ പ്രതീക്ഷകളുമായി എത്തിയ സിനി ഷെട്ടിക്ക് അവസാന എട്ടിൽ ഇടം പിടിക്കാനായെങ്കിലും നാലുപേരുടെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടാൻ കഴിഞ്ഞില്ല. കൃതി സനോൻ, പൂജ ഹെഗ്ഡ തുടങ്ങി 12 അംഗ ജഡ്ജിങ് പാനലാണ് വിധി നിർണയിച്ചത്. മുംബൈ ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ കരൺ ജോഹറും മുൻ ലോകസുന്ദരി മേഗൻ യങ്ങും അവതാരകരായി എത്തി. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇക്കുറി മിസ് വേൾഡ് മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്. പ്രാഥമിക മത്സരങ്ങളും ഓപ്പണിങ്ങ് സെറിമണിയും ഡൽഹിയിലാണ് അരങ്ങേറിയത്.
Krystyna Pyszková of Czech Republic wins 71st Miss World