karolina-bielawska

28 വര്‍ഷങ്ങള്‍ക്കു ശേഷം 71ാമത് മിസ് വേള്‍ഡ് മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങി ഇന്ത്യ. വെള്ളിയാഴ്ച എക്‌സിൽ പങ്കുവച്ച ട്വീറ്റിലൂടെയാണ് മല്‍സരത്തിന്‍റെ സംഘാടകര്‍ ഇന്ത്യ ആതിഥേയത്വമരുളുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ആവേശത്തോടെയും അഭിമാനത്തോടെയും ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഇത്തവണ മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും.‌ സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. അതിശയകരമായ യാത്രക്കായി തയ്യാറെടുക്കൂ’, എന്നാണ് മിസ് വേൾഡ് മല്‍സരത്തിന്‍റെ  ചെയർമാൻ ജൂലിയ മോർലെ ട്വീറ്റില്‍ കുറിച്ചത്. ഒരു മാസം നീണ്ടുനിൽക്കുന്ന സൗന്ദര്യ മാമാങ്കം ഫെബ്രുവരി 18ന് ആരംഭിച്ച് മാർച്ച് 9ന് സമാപിക്കും.

 

ചിത്രം: facebook.com/MissWorld

ചിത്രം: facebook.com/MissWorld

ഡൽഹിയിലും മുംബൈയിലുമായിട്ടായിരിക്കും ഇത്തവണ മല്‍സരങ്ങള്‍ക്ക് വേദിയൊരുങ്ങുക. ഫെബ്രുവരി 20ന് ഓപ്പണിംഗ് സെറിമണി, ഇന്ത്യ വെൽകംസ് ദ വേൾഡ് ഗാല തുടങ്ങിയവ ഡൽഹിയിലെ ഹോട്ടൽ അശോകിൽ സംഘടിപ്പിക്കും. വേൾഡ് ടോപ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചാലഞ്ച് തുടങ്ങിയ മത്സരങ്ങൾ ഡൽഹിയിലും മുംബൈയിലുമായി നടക്കും. കോണ്ടിനെന്‍റല്‍ ബ്യൂട്ടി വിത് എ പർപസ് ചാലഞ്ച് ഫെബ്രുവരി 21ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും. മുംബൈ ജിയോ വേൾഡ് കൺവെന‍‍ഷൻ സെന്ററിലായിരിക്കും മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെയും മിസ് വേൾഡ് റെഡ് കാർപെറ്റ് സ്പെഷ്യലും അരങ്ങേറുന്നത്.

ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്‍ പരിപാടികൾ ഏകോപിപ്പിക്കും. 120 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് ഇത്തവണ സൗന്ദര്യ വേദിയില്‍ മാറ്റുരയ്ക്കുന്നത്. കർണാടക സ്വദേശിനിയായ സിനി ഷെട്ടി ഇന്ത്യയെ പ്രതിനീധീകരിക്കും. മുൻ മിസ് ഇന്ത്യ കർണാടക വിജയിയായിരുന്നു സിനി.

1996 ബെംഗളുരുവിലാണ് ഇന്ത്യ ഒടുവില്‍ ആതിഥ്യമരുളിയ ലോക സൗന്ദര്യ മത്സരം നടന്നത്. 88 മത്സരാർഥികളാണ് അന്ന് മല്‍സരത്തില്‍ പങ്കെടുത്തത്. ഗ്രീസിന്‍റെ െഎറിൻ സ്ക്ലിവയായിരുന്നു കിരീടം ചൂടിയത്.

1966ൽ റെയ്ത ഫാരിയ ആണ് ആദ്യമായി ലോക സൗന്ദര്യ കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 1994ൽ െഎശ്വര്യ റായിയിലൂടെ കിരീടം ഇന്ത്യയിലെത്തി. പിന്നീട് 1997ൽ ഡയാന ഹെയ്ഡനും, 1999ൽ യുക്താമുഖിയും, 2000ത്തിൽ പ്രിയങ്ക ചോപ്രയും കിരീടം സ്വന്തമാക്കി. പിന്നീട് 17 വർഷങ്ങൾക്ക് ശേഷം മാനുഷി ഛില്ലറാണ് കീരീടം ഇന്ത്യയിലേക്ക് ലോക സുന്ദരീ കിരീടം വീണ്ടുമെത്തിച്ചത്.

 

After 28 years, India set to host 71st Miss World Pageant.