കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഒമ്പത് അംഗങ്ങളെ പ്രവർത്തകർ യോഗം തീരുന്നത് വരെ ഗേറ്റിൽ തടഞ്ഞു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ സെനറ്റ് യോഗത്തിലും കയ്യാങ്കളി ഉണ്ടായി.

ഗവർണർ നോമിനേറ്റ് ചെയ്ത 9 പേർ സംഘ പരിവാർ അനുകൂലികളാണെന്നും അവരെ സെനറ്റ് ഹൗസിലേക്ക് കടത്തി വിടില്ലെന്നുമായിരുന്നു എസ്.എഫ്.ഐയുടെ നിലപാട്. രാവിലെ 10.30നാണ് യോഗം തീരുമാനിച്ചത്. 8.45 ഓടെ തന്നെ പ്രവർത്തകർ സെനറ്റ് ഹൗസിന്റെ രണ്ടു വാതിലുകൾക്ക് മുന്നിൽ പ്രതിഷേധം തുടങ്ങി. ഗേറ്റ് അടച്ചു. യൂണിവേഴ്സിറ്റിയെ കാവിവലിക്കരിക്കാൻ സമ്മതിക്കില്ലെന്ന് എസ്.എഫ്.ഐ. പത്മശ്രീ ബാലൻ പൂതേരി അടക്കം 9 സെനറ്റ് അംഗങ്ങളെ പ്രവർത്തകർ തടഞ്ഞു. പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം. പൊലീസ് അനുനയ നീക്കം നടത്തിയെങ്കിലും പ്രവർത്തകർ പിന്തിരിയാൻ തയ്യാറായില്ല. പിന്നാലെ അറസ്റ്റു ചെയ്തു നീക്കി. നേരിയ സംഘർഷം. യോഗം അവസാനിച്ച ശേഷമാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

അതിനിടെ സെനറ്റ് യോഗത്തിൽ കയ്യാങ്കളി ഉണ്ടായി. അജണ്ട ചർച്ചകൂടാതെ പാസാക്കിയതിനെതിരെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. വിസിയെ കയ്യേറ്റം ചെയ്തെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ഇടതു അംഗങ്ങൾ തങ്ങളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ലീഗ് അംഗങ്ങളും ആരോപിച്ചു. സെനറ്റ് യോഗത്തിൽ പ്രവേശിക്കാനാകാത്ത അംഗങ്ങൾ വിസിയെ കണ്ട് പ്രതിഷേധമറിയിച്ചു. സെനറ്റ് യോഗത്തിൽ പങ്കെടുപ്പിക്കാത്തത് ആസൂത്രിതമെന്ന് സംശയിക്കുന്നതായും തങ്ങളെ തടയുന്നത് കണ്ടിട്ടും പൊലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇടപെട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു. സാഹചര്യം പൊലീസിൽ അറിയിച്ചിരുന്നുവെന്നും എത്താത്ത അംഗങ്ങൾക്കായി 10 മിനിറ്റ് കാത്തുനിന്ന ശേഷമാണ് യോഗം തുടങ്ങിയതെന്നും വൈസ് ചാൻസലർ എം.കെ.ജയരാജ് പറഞ്ഞു.

SFI protest in Calicut senate meeting