shahana-model-image-845-440

കോഴിക്കോട്ടെ മോഡല്‍ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഷഹനയുടെ മൃതദേഹം  ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആത്മഹത്യാപ്രേരണകുറ്റത്തിന് പുറമേ ശാരീരികവും മാനസികവുമായ പീഡനം കൂടി സജാദിന് മേല്‍ ചുമത്തിയിട്ടുണ്ട്. ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടെങ്കിലും ആത്മഹത്യ തന്നെയാണ് മരണകാരണം. ദേഹത്ത് മുറിവുകള്‍ ഉണ്ടായതെങ്ങനെയെന്ന് വിശദമായ പരിശോധന നടത്തും. 

 

ലഹരിക്കടിമയാണ് സജാദ്. പറമ്പില്‍ ബസാറിലെ ഇവരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ പൊലിസിന് ലഭിച്ചു. ഭാര്യയുമായി നിരന്തരം തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെചൊല്ലിയും തന്‍റെ ലഹരി ഉപയോഗത്തെ ചൊല്ലിയുമാണ് വഴക്കുണ്ടാകാറുള്ളതെന്നും സജാദ് പൊലിസിന് മൊഴി നല്‍കി. ഷഹനയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് മാതാവും സഹോദരനും.