shahana-death-025

 

ഷഹന മരിച്ചുകിടന്ന പറമ്പില്‍ ബസാറിലെ വീട്ടില്‍ നിന്ന് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ആത്മഹത്യ ചെയ്തതാണെന്ന് ഭര്‍ത്താവ് സജാദും അതല്ല കൊന്നതാണെന്ന് മാതാവും ആരോപിക്കുമ്പോള്‍ യാഥാര്‍ഥ്യം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നവതുവരെ പൊലീസിനും കാത്തിരിക്കണം. ഷഹന തൂങ്ങിമരിച്ചതാണെന്നാണ് സജാദ് പൊലീസിനോട് പറഞ്ഞത്. മുറിക്കുള്ളിലെ ജനല്‍ക്കമ്പിയില്‍ ഷഹന കെട്ടിയതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് കയറും കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇത്രയും താഴ്ത്തിക്കെട്ടിയ കയറില്‍ എങ്ങനെ ഒരാള്‍ ആത്മഹത്യ ചെയ്യുമെന്നതാണ് ചോദ്യം. 

 

മറ്റെന്തെങ്കിലും രീതിയില്‍ ജീവനൊടുക്കിയതായി തെളിവുകളില്ല. ശരീരത്ത് മര്‍ദനമേറ്റപാടുകളോ മുറിയില്‍ മല്‍പിടുത്തം നടന്നതിന്റ സൂചനകളോയില്ലാത്തതിനാല്‍ കൊലപാതകമാണെന്നും പറയാനാകില്ല. അതുകൊണ്ടുതന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനായി കാത്തിരിക്കുകയാണ് പൊലീസ്. ഇരുവരും തമ്മില്‍ സ്ഥിരം വഴക്കിട്ടിരുന്നുവെന്നും വീടൊഴിയണമെന്ന് പലതവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വീട്ടുടമയായ ജംസാദ് പറയുന്നു. 

 

അയല്‍വാസികളുമായി ഇരുവരും അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഡ്രൈവറാണെന്നായിരുന്നു സജാദ് വീട്ടുടമയോട് പറഞ്ഞിരുന്നത്.  സംഭവം ഉണ്ടായതിന് ശേഷമാണ് ഷഹന മോഡലാണെന്ന് വീട്ടുടമപോലും അറിയുന്നത്. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഷഹന കോവിഡ‍് കാലത്താണ് ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇതിന്റ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.