പെഗസസ് ഫോൺ ചോർത്തലിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷം. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ 14 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയും പ്രതിപക്ഷ എംപി മാരും പാർലമെന്റിലേക്ക് സൈക്കിൾ ചവിട്ടി .
പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ചർച്ച അനുവദിക്കാതെ സഭ നടപടികളിൽ സഹകരിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്താൻ പെഗസസ് സോഫ്റ്റ്‌വെയർ കേന്ദ്ര സർക്കാർ വാങ്ങിയോ എന്ന് വ്യക്തമാക്കണം. വിഷയത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. നമ്മുടെ രാജ്യവും നമ്മുടെ ജനങ്ങളും എന്നതിനാണ് ഏക പരിഗണന എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് യോഗത്തിനെത്തിയത് ശ്രദ്ധേയമായി. ആംആദ്മി പാർട്ടിയും ബിഎസ്പിയും വിട്ടു നിന്നു
യോഗ ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപി മാർ സൈക്കിൾ ചവിട്ടിയാണ് പാർലമെന്റിലേക്ക് പോയത്. ഇന്ധന വില വർധനയ്ക്കെതിരെയായിരുന്നു പ്രതിഷേധം. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചും നേരത്തെ രാഹുൽ ഗാന്ധി പ്രതിഷേധിച്ചിരുന്നു