pegasus-supreme-court-1

TAGS

പെഗസസ് ചാരസോഫ്റ്റ്‌വെയര്‍ വിഷയത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ചാരവൃത്തി സംബന്ധിച്ച് അന്വേഷിച്ച സുപ്രീംകോടതി സമിതിയുമായി കേന്ദ്രം സഹകരിച്ചില്ല. അതേസമയം സമിതി പരിശോധിച്ച 29 ഫോണുകളില്‍ 5 എണ്ണത്തില്‍ മാല്‍വെയര്‍ കണ്ടെത്തി. ഇത് പെഗസസ് ആണെന്നതിന് തെളിവില്ല. സൈബര്‍ സുരക്ഷയും സ്വകാര്യതയുടെ സംരക്ഷണവും ഉറപ്പുവരുത്താന്‍ നിയമഭേദഗതി വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. മാധ്യമപ്രവര്‍ത്തകരും ഭരണ– പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമടക്കമുള്ളവരെ നിരീക്ഷിക്കാന്‍ പെഗസസ് ചാരസോഫ്ട് വെയർ  ഉപയോഗിച്ചു എന്ന പരാതിയിലാണ് സുപ്രീംകോടതി അന്വേഷണസമിതിയെ നിയോഗിച്ചത്.  ജസ്റ്റിസ് എന്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയുടെ അന്വേഷണത്തോട് കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് സുപ്രീകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു.  

 

സാങ്കേതിക സമിതി പരിശോധിച്ച 29 ഫോണുകളില്‍ 5 എണ്ണത്തില്‍ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തി. എന്നാല്‍ ഇത് പെഗസസ് ആണെന്നതിന് തെളിവില്ല. വ്യക്തികളുടെ സ്വകാര്യതയും സൈബര്‍ സുരക്ഷയും ഉറപ്പുവരുത്താന്‍  നിയമഭേദഗതി വേണമെന്ന് സുപ്രീംകോടതി സമിതി ശുപാര്‍ശ ചെയ്തു.  നിയമവിരുദ്ധ നിരീക്ഷണങ്ങളെക്കുറിച്ച് പൗരന്‍മാര്‍ക്ക് പരാതിപ്പെടാന്‍ സംവിധാനമുണ്ടാകണം.   ജസ്റ്റിസ് ആര്‍.വി രവീന്ദ്രന് പുറമെ, റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. ഡോ.പി പ്രഭാഹരന്‍, ഡോ.നവീന്‍ കുമാര്‍ ചൗധരി,ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ  എന്നിവര് സാങ്കേതിക സഹായം നല്‍കി.   വ്യക്തിവിവരങ്ങള്‍ മറച്ചുവച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് കോടതി പറഞ്ഞു. ഇതിനുശേഷം കേസ് വീണ്ടും പരിഗണിക്കും.