മുനമ്പം മനുഷ്യക്കടത്ത് നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും ബോട്ടില്‍ സഞ്ചരിച്ച 243 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനാകാതെ പൊലീസ്. ഉറ്റവര്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ നൂറിലധികം കുടുംബങ്ങളാണ് ഡല്‍ഹി മദന്‍ഗീറില്‍ നിസ്സഹായരായി ജീവിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും കനിവ് കാത്ത് കഴിയുകയാണ് ഈ കുടുംബങ്ങള്‍. വിഡിയോ സ്റ്റോറി.
ജനുവരി പന്ത്രണ്ട്, ഈ അമ്മമാര്‍ ഒരിക്കലും മറക്കാത്ത ദിവസമാണ്. അന്നാണ് അവസാനമായി മക്കളോട് സംസാരിച്ചത്. അന്ന് തൊട്ട് ഇന്ന് വരെ കണ്ണീരുണങ്ങാത്ത കണ്ണുകളുമായി കാത്തിരിപ്പാണ്. മകനും മകളും പേരക്കുട്ടികളും ഇന്നല്ലെങ്കില്‍ നാളെ മടങ്ങിവരുന്നതും കാത്ത്.
പരാതി നല്‍കി മടുത്തു. കഴിഞ്ഞ അഞ്ച് മാസമായി ഇവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. പൊലീസും സര്‍ക്കാരും കൈമലര്‍ത്തി. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ആശങ്കയുടെ നടുക്കടലില്‍ മുങ്ങിത്താഴുകയാണ് ഈ കുടുംബങ്ങള്‍.
മുനമ്പത്ത് നിന്ന് ദേവമാതാ ബോട്ടില്‍ യാത്ര തിരിച്ച 243ല്‍ നൂറ്റിയെണ്‍പത്തിന്നാല് പേരും ഡല്‍ഹി മദന്‍ഗീറിലെ ഈ കോളനിയില്‍ നിന്നുള്ളവരാണ്. ഓട്ടോ ഓടിച്ചും കൂലിപ്പണിക്ക് പോയും കുടുംബം പോറ്റിയിരുന്നവര്‍. കടല്‍ കടന്ന് ദൂരദേശത്ത് എത്തിയാല്‍ ജീവിതം പച്ചപ്പിടിക്കുമെന്ന പ്രതീക്ഷ മാത്രമാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയുമെടുത്ത് നടുക്കടലിലേക്കിറങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ഈ ദുരിതത്തിനിടയില്‍ പൊലീസില്‍ നിന്ന് നേരിടുന്ന ദുരനുഭവങ്ങള്‍ വേറെയും. മക്കള്‍ പോയതോടെ പലരും വീട്ടില്‍ തനിച്ചായി. വല്ലപ്പോഴും വരുന്ന ഫോണ്‍വിളി മക്കളുടേതാകുമെന്ന പ്രത്യാശ മാത്രമാണ് ഓരോ ദിവസവും തള്ളി നീക്കാന്‍ സഹായിക്കുന്നത്.