ദരിദ്രരായ ഗർഭിണികളെ ലക്ഷ്യമിട്ട് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്സിക്കൻ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്. മാർത്ത അലീഷ്യ മെൻഡെസ് അഗ്യുലാർ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്.
ഗര്‍ഭിണികളെ മനുഷ്യകടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗർഭിണികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സിസേറിയന്‍ എന്ന പേരില്‍ വയറുകീറിയാണ് ഇവര്‍ കുട്ടികളെ പുറത്തെടുന്നിരുന്നത്. മിക്കവാറും ഗര്‍ഭിണികളും ഈ പ്രക്രിയയില്‍ മരിക്കും. ഇത്തരത്തില്‍ മരിച്ച സ്ത്രീകളുടെ അവയവങ്ങളും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. നവജാതശിശുക്കളെ 250,000 മെക്സിക്കൻ പെസോ വരെ രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.
മെക്സിക്കൻ ഫെഡറൽ പൊലീസും യുഎസ് ഏജൻസികളും നടത്തിയ സംയോജിത ശ്രമത്തിലൂടെയാണ് മാർത്തയെ പിടികൂടിയത്. ഇവര്‍ ഇപ്പോളും മെക്സിക്കൻ കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിനു ശേഷമുള്ള നടപടികള്‍ക്കായി മാര്‍ത്തയെ യുഎസിലേക്ക് കൊണ്ടുവന്ന് ഫെഡറൽ കുറ്റങ്ങൾ ചുമത്തുന്നതിനായി അധികാരികൾ കൈമാറൽ നടപടികൾ തുടരുകയാണ്. കൂടാതെ മാര്‍ത്തയുടെ സംഘത്തിലുള്ള മറ്റുള്ളവരെ തിരിച്ചറിയാനും പിടികൂടാനുമായി അന്വേഷണം തുടരുകയാണ്.
2025 ജനുവരിയിൽ കാർട്ടലുകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. സാമ്പത്തിക നേട്ടത്തിനായി ദുർബലരായ ജനങ്ങളെ ലക്ഷ്യം വച്ചും ഭയത്തിന്റെ അന്തരീക്ഷം നിലനിർത്തിയുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് വഴി യുഎസ് ഏജൻസികൾ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ നടപടിയെടുക്കാന്‍ കൂടുതല്‍ അധികാരം ഉറപ്പാക്കുന്നു.