chhattisgarh-nuns-human-trafficking-allegations-2

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. കേസ് കെട്ടിച്ചമച്ചതാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സിബിസിഐ (Catholic Bishops' Conference of India) ആവശ്യപ്പെട്ടു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കന്യാസ്ത്രീകൾ നാളെ ജാമ്യാപേക്ഷ സമർപ്പിക്കും.

കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായ കന്യാസ്ത്രീകൾ. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ ഇവരെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസാണ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീകളെ വ്യാജ കേസിൽ കുടുക്കിയതാണെന്ന് സിബിസിഐ ആരോപിച്ചു. ഭരണഘടനക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന ചില ശക്തികളാണ് ഈ ആരോപണങ്ങൾക്കും കേസിനും പിന്നിലെന്ന് സഭാ വക്താവ് വ്യക്തമാക്കി. കന്യാസ്ത്രീകൾക്കൊപ്പം പോകാനെത്തിയ കുട്ടികളെ മർദിച്ചതായും, കുട്ടികളുടെ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രം അവഗണിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും സിബിസിഐ കുറ്റപ്പെടുത്തി.

"സന്യസ്തരെ രാജ്യവിരുദ്ധ ശക്തികൾ പിന്തുടരുകയാണ്. മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ സഭ ശക്തമായി ചെറുക്കും. ഇത് ഭരണഘടനാ ലംഘനമാണ്, അംഗീകരിക്കാൻ കഴിയില്ല," സഭാ വക്താവ് കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാൻ വന്ന മൂന്ന് സ്ത്രീകളും പ്രായപൂർത്തി ആയവരാണ്. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു യാത്ര. സ്ത്രീകളെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. കന്യാസ്ത്രീകളെ ജയിലില്‍ അടച്ചത് ഭരണഘടനയ്ക്കെതിരെയുള്ള ആക്രമണമെന്ന് കെ.സി.വേണുഗോപാല്‍. ഇടപെടല്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും കെ.സി.വേണുഗോപാല്‍ കത്തയച്ചു. ഇടപെടല്‍ തേടി ജോസ് കെ.മാണി എംപിയും പ്രധാനമന്ത്രിക്ക് കത്തയച്ചു. അതിനിടെ, കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെ സഭാ അധികൃതര്‍ ദുർഗിലെത്തിച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Malayali nuns were arrested in Chhattisgarh on controversial human trafficking allegations, sparking widespread protest from the Catholic Bishops' Conference of India (CBCI) and political leaders. The CBCI condemned the arrests as a constitutional violation and a challenge to religious freedom, asserting the case was fabricated.