police-car

TOPICS COVERED

19 കാരിക്ക് നേരെ അതിക്രൂരമായ കൂട്ടബലാല്‍സംഗം. ഛത്തീസ്‌ഗഢിലെ കോർബയിലാണ് 19 കാരി അഞ്ചംഗ സംഘത്തിന്‍റെ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംസ്ഥാനത്തെ പൊലീസ് സേനയ്​ക്ക് നാണക്കേടായി എമര്‍ജെന്‍സി നമ്പറായ 112 സേവനത്തിലെ ഒരു കരാർ ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ജനുവരി എട്ടാം തിയതിയാണ് സംഭവം നടന്നത്. പ്രതികളിലൊരാള്‍ക്ക് പെണ്‍കുട്ടിയെ പരിചയമുണ്ടായിരുന്നു. ഇയാള്‍ രാത്രി 11 മണിക്ക് പെണ്‍കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് ബങ്കിമോംഗ്ര മേഖലയിലെ വിജനമായ ഒരു വീട്ടിലെത്തിച്ചു. ഇവിടെ ഇയാളെ കാത്ത് മറ്റ് നാല് പേരുണ്ടായിരുന്നു. ശേഷം അഞ്ച് പേര്‍ ഊഴമനുസരിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. 

112 എമര്‍ജെന്‍സി സേവനത്തിലെ ഡ്രൈവർ ഉൾപ്പെടെയുള്ളവരാണ് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ബോധം വന്നതിനുശേഷം പെണ്‍കുട്ടി തന്നെയാണ് വീട്ടിലേക്ക് പോയത്. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തുക്കുകയായിരുന്നു. 

പൊലീസ് സേനയിലെ കരാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ബങ്കിമോംഗ്ര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കോർബ പോലീസ് സൂപ്രണ്ട് സിദ്ധാർഥ് തിവാരി അറിയിച്ചു. നിലവിൽ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ENGLISH SUMMARY:

Gang rape in Chhattisgarh's Korba has resulted in the arrest of two individuals, including an emergency service driver. The police are actively searching for the remaining three suspects involved in this heinous crime against a 19-year-old victim, who is currently receiving medical treatment.