ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലുള്ള പവർ പ്ലാന്റിലുണ്ടായ അപകടത്തില്‍ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡ് പവർ പ്ലാന്റിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടം.
സ്ഫോടനത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റുള്ളവർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിലവിൽ 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ അയൽജില്ലയായ റായ്ഗഡിലെ ആശുപത്രികളിലേക്ക് മാറ്റി. പൊട്ടിത്തെറി നടന്ന ബോയിലർ യൂണിറ്റിലും പരിസരത്തും കനത്ത ചൂട് തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
പ്ലാന്റിനുള്ളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് സൂപ്രണ്ട് പ്രഫുൽ താക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ തുടരുകയാണ്. മുൻകരുതൽ നടപടിയായി പ്ലാന്റിലെ മറ്റ് ജീവനക്കാരെ താൽക്കാലികമായി ഒഴിപ്പിച്ചു.
സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം റായ്പൂരിൽ വ്യക്തമാക്കി.
പ്ലാന്റ് പരിപാലന ചുമതലയുള്ള സബ് കോൺട്രാക്ടർ എൻ.ജി.എസ്.എല്ലിലെ (NGSL) ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടതെന്ന് വേദാന്ത ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അധികൃതരുമായി സഹകരിച്ച് അപകടകാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു. പ്ലാന്റിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.