ഛത്തീസ്ഗഡിലെ തമ്‌നറിൽ കൽക്കരി ഖനിക്കെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. ജിൻഡൽ പവർ ലിമിറ്റഡിന് (JPL) അനുവദിച്ച കോൾ ബ്ലോക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ ധൗരാഭാഠ ഗ്രാമത്തിൽ ഗ്രാമവാസികൾ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ 15 ദിവസമായുള്ള പ്രതിഷേധമാണ് അക്രമത്തിലേക്ക് കടന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടയ്ക്ക് തമ്‌നർ സ്റ്റേഷൻ ഇൻചാർജ് കമല പുസാമിന് നേരെ കടുത്ത അക്രമം ആണ് സ്ത്രീകള്‍ അഴിച്ചുവിട്ടത്. ഇവരെ ചവിട്ടി വീഴ്ത്തി. പ്രതിഷേധക്കാരുടെ മർദ്ദനമേറ്റ് കമല ബോധരഹിതയായി വീണു. വനിതാ പ്രതിഷേധക്കാർ ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഘർഷത്തിൽ പൊലീസുകാരും ഗ്രാമവാസികളും ഉൾപ്പെടെ എട്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ ഒരു ബസും കാറും പൊലീസ് വാഹനവും അഗ്നിക്കിരയാക്കി. പ്രതിഷേധത്തിന് പിന്നാലെ നൂറിലധികം ഗ്രാമവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.