ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ മതപരിവർത്തന കുറ്റവും മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന കുറ്റവും ചുമത്തി കേസെടുത്തു. കേസിന്റെ എഫ്.ഐ.ആർ പകർപ്പ് പുറത്തുവന്നതോടെയാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്. സിസ്റ്റർ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റർ വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയായും ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും കൂടാതെ സുഖ്മാൻ മണ്ഡാവി എന്നയാളും കേസിൽ പ്രതിയാണ്. മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം കടുപ്പിച്ചു. ഇതോടെ ഇരുസഭകളും ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെയ്ക്കേണ്ടി വന്നു. പ്രതിപക്ഷത്തോട് സ്പീക്കർ സ്വരം കടുപ്പിക്കുന്ന സാഹചര്യവും ലോക്സഭയിലുണ്ടായി.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന നടപടിയാണെന്നും ബി.ജെ.പി ഈ പരിപാടി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കന്യാസ്ത്രീകളുടെ മോചനത്തിനായി എല്ലാവരും ഒരുമിക്കണമെന്നും മന്ത്രി റിയാസ് ആഹ്വാനം ചെയ്തു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് കണ്ടിട്ടും സംഘപരിവാരത്തെ രക്ഷകരായി കാണുന്നവരുണ്ടെകിൽ അവർ സൂക്ഷിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. ആർ എസ് എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണ്. എന്നിട്ടും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപിയുടെ മനസിലിരുപ്പ് സഭാനേതൃത്വത്തിന് ബോധ്യപ്പെടേണ്ടേ എന്നും മോദിയോട് പരാതിപ്പെടാനുള്ള ധൈര്യം ഇല്ലേയെന്നും ശിവന്‍കുട്ടി ചോദിച്ചു. സഭാ മേലധ്യക്ഷന്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
കന്യാസ്ത്രീകളെ വിട്ടയക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ക്രൈസ്തവ സമൂഹത്തിന്റെ ഭയം ഒഴിവാക്കണമെന്നും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോക്ടർ മലയിൽ സാബു കോശി ചെറിയാൻ. കേരളത്തിലെ വിവിധ സഭകളിലെ ബിഷപ്പുമാർ തമ്മിൽ ചർച്ച നടത്തി. തിരുമേനിമാർ പ്രതികരിക്കുന്നില്ലെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയുന്നതല്ല. എപ്പോഴും വിശ്വാസികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബിഷപ് കോട്ടയത്ത് പറഞ്ഞു.