നേപ്പാൾ തിബത്ത് അതിർത്തിയിൽ ആയിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ വൻ മലയിടിച്ചിലിനും മിന്നൽ പ്രളയത്തിനും തൊട്ടുമുമ്പ് പ്രദേശത്ത് അസാധാരണമായ ഉഷ്ണതരംഗം അനുഭവപ്പെട്ടതായി രാജ്യാന്തര കാലാവസ്ഥാ  ഏജൻസി യുടെ പഠന റിപ്പോർട്ട്‌ . യുഎസിലെ പ്രമുഖ സ്വതന്ത്ര കാലാവസ്ഥാ ഗവേഷണ ഏജൻസിയായ ബെർക്ക്‌ലി എർത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. റോബർട്ട് റോഡെയാണ് കാലാവസ്ഥാ ഡാറ്റ പുനർനിർമ്മിച്ച് ഈ കണ്ടെത്തൽ നടത്തിയത് .

55 വർഷത്തിനിടയിലെ ഉയർന്ന ചൂട്

ഓഗസ്റ്റ് 26 ന് ഉണ്ടായ ദുരന്തത്തിന് മുന്നോടിയായി, ഓഗസ്റ്റ് 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 5,200 മീറ്റർ ഉയരത്തിൽ ശരാശരി താപനില 5° സെൽഷ്യസ് ആണ് രേഖപ്പെടുത്തി. കഴിഞ്ഞ 55 വർഷത്തെ കാലാവസ്ഥാ രേഖകൾ പരിശോധിച്ചാൽ ഇതേ കാലയളവിൽ ഇവിടുത്തെ താപനില ഒരിക്കലും 4° സെൽഷ്യസിന് മുകളിൽ പോയിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

ആഗോളതാപനത്തിന്റെ സ്വാധീനമില്ലാതെ ഇത്തരമൊരു താപനില മാറ്റം ഹിമാലയത്തിൽ ഏതാനും ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണെന്ന് റോബർട്ട് റോഡെ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ കണക്കുകൾ പ്രകാരം 1970 ന് ശേഷമുള്ള നാലാമത്തെ ഏറ്റവും വലിയ ഉഷ്ണകാലമാണ് ലങ്താങ് മേഖലയിൽ രേഖപ്പെടുത്തിയത്.

Also read: എവറസ്റ്റിലെ ഹിമാനി അതിവേഗം ഉരുകുന്നു; വില്ലന്‍ മനുഷ്യമൂത്രം! റിപ്പോര്‍ട്ട്

ലങ്താങ് ലിറുങ് കൊടുമുടിയുടെ താഴ്‌വാരത്തിൽ 5,200 മീറ്റർ ഉയരത്തിലുണ്ടായിരുന്ന മഞ്ഞുപാളിയും അതിന്റെ അടിത്തറയായ ഭീമാകാരമായ പാറക്കൂട്ടങ്ങളും ഒന്നിച്ച് തകർന്ന് ഏകദേശം 1,200 മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാറക്കെട്ടുകളെ തമ്മിൽ ഉറപ്പിച്ചുനിർത്തുന്ന സിമന്റ് പോലെ പ്രവർത്തിക്കുന്നത് കട്ടിയുള്ള മഞ്ഞുപാളികളാണ് . റെക്കോർഡ് ചൂട് കാരണം ഇത് ഉരുകുകയും, വിള്ളലുകളിലേക്ക് വൻതോതിൽ വെള്ളം അരിച്ചിറങ്ങുകയും ചെയ്തതാണ് ഇത്ര വലിയ തോതിൽ മലയിടിയാൻ ഇടയാക്കിയതെന്ന് ഫ്രഞ്ച് ഗവേഷണ ഏജൻസിയായ CNRS-ലെ ഗ്ലേസിയോളജിസ്റ്റ് എറ്റിയെൻ ബെർത്തിയർ വിലയിരുത്തുന്നു.

യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചലനത്തിന് തുല്യമായ ഊർജ്ജമാണ് ഹിമാനിയും പാറക്കെട്ടുകളും തകർന്നുവീണപ്പോൾ ഉണ്ടായത്. താഴ്‌വരയിൽ തകർന്നുവീണ മഞ്ഞും പാറക്കൂട്ടങ്ങളും ചേർന്ന് ലെഹ്ന്ദെ ഖോല നദിയിൽ സ്വാഭാവിക തടയണ തീർക്കുകയും, മിനിറ്റുകൾക്കകം ആ തടയണ പൊട്ടി മലവെള്ളപ്പാച്ചിലായി ത്രിശൂലി നദിയിലൂടെ താഴ്‌വരകളിലേക്ക് പ്രവഹിക്കുകയുമായിരുന്നു. 

റസുവ, നുവാകോട്ട് തുടങ്ങിയ നേപ്പാളിലെ ജില്ലകളിലും ചൈനയുടെ തിബത്ത് അതിർത്തി മേഖലയിലുമായി വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ജലവൈദ്യുത പദ്ധതികൾ, പ്രധാന റോഡുകൾ, പാലങ്ങൾ എന്നിവ ഒലിച്ചുപോയി. 1,300-ലധികം ആളുകൾ ദുരന്തത്തിൽ മരിച്ചതായും ആയിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിക്കുന്നു.

ENGLISH SUMMARY:

Unusual heatwaves in the Himalayas preceded a devastating landslide and flash flood in Nepal, a critical discovery by climate scientists. This unprecedented warming event, exceeding records from the last 55 years, is linked to glacial melt contributing to the catastrophic rockfall.