ദീപാവലിക്ക് ഒരുദിവസം മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ വായുനിലവാരം വളരെ മോശം അവസ്ഥയില്‍. രാവിലെ ശരാശരി വായുനിലവാര സൂചിക 270 ആയിരുന്നു. ഒന്‍പതിടത്ത് മുന്നൂറ് കടന്നു. അക്ഷര്‍ധാമിലും ആനന്ദ് വിഹാറിലും നാനൂറില്‍ അധികമാണ് എ.ക്യു.ഐ. ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് നിര്‍ദേശമുണ്ട്. തുടർച്ചയായ ആറാം ദിവസമാണ് വായുനിലവാരം മോശം അവസ്ഥയില്‍ തുടരുന്നത്.
പടക്കങ്ങള്‍ക്ക് ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം ഉണ്ടെങ്കിലും നിയമലംഘനം വ്യാപകമാണ്. അയൽ സംസ്ഥാനങ്ങളിലെ പടക്കങ്ങളുടെ ഉപയോഗവും വൈക്കോൽ കത്തിക്കുന്നതും വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളാക്കുന്നുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളലാണ് മലിനീകരണത്തിന്‍റെ പ്രാഥമിക ഉറവിടമായി കണക്കാക്കുന്നത്. നാളെ ദീപാവലി കഴിയുന്നതോടെ വായുനിലവാരം കൂടുതല്‍ മോശമാകാനാണ് സാധ്യത. പലയിടത്തും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ടാങ്കറില്‍ വെള്ളം എത്തിച്ച് തളിക്കുന്നുണ്ട്.
അതേസമയം, രാജ്യതലസ്ഥാനത്തെ കാലാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ച ഡൽഹിയിൽ പരമാവധി താപനില 33.5 ഡിഗ്രി സെല്‍സിയസാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 19.6 ഡിഗ്രി സെല്‍സിയസാണ്. ഇന്ന് തെളിഞ്ഞ ആകാശമായിരിക്കുമെന്നും താപനില 19 ഡിഗ്രി സെല്‍സിയസിനും 33 ഡിഗ്രി സെല്‍സിയസിനും ഇടയിലായിരിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്.