ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണ തിരക്കുകളൊക്കെ തീർന്നു. കുറേ തൈകൾ മണ്ണോടു ചേർന്നു. പക്ഷേ പതിവായി തണൽമരതൈകൾ കൊണ്ടു വരുന്നൊരു മനുഷ്യനെ മാത്രം മണ്ണു കണ്ടില്ല. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ ഒരു കെട്ടുമായി ജീവിച്ച പാലക്കാട് കല്ലൂരിലെ ബാലേട്ടൻ എന്ന കല്ലൂർ ബാലനെ. വർഷത്തിൽ എല്ലാ ദിവസവും ഭൂമിക്കു വേണ്ടി ജീവിച്ച പച്ച മനുഷ്യനെ. കലര്‍പ്പില്ലാത്ത പ്രകൃതി സ്‌നേഹത്തിന്റെ മുഖമായിരുന്ന ബാലേട്ടൻ കഴിഞ്ഞ ഫെബ്രുവരി 10 നാണ് അന്തരിച്ചത്.
സംഭാവനയായി ലഭിച്ചൊരു ജീപ്പ്, അതിൽ വെള്ളവും പണിയായുധങ്ങളും ചെടികളും നിറച്ച് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്ന ബാലേട്ടൻ അനിയോജ്യമായ സ്ഥലത്തൊക്കെ തണൽ നട്ടു. 2000 മുതൽ തുടങ്ങിയ പ്രവൃത്തി 78 ആം വയസിൽ മരിക്കുന്നത് വരെ തുടർന്നു. പല ജില്ലകളിലായി ബാലേട്ടൻ നട്ട 20 ലക്ഷത്തിലധികം മരങ്ങളാണ് തലയുയർത്തി നിൽക്കുന്നത്. പുളിയും മുളയും ഉങ്ങും തൊട്ട് വാഴയും ചോളവും വരെ..
വീടിനടുത്ത് പൂർണ തരിശായി കിടന്ന നൂറേക്കറിധികം വരുന്ന കുന്ന് കുറേ കാലത്തെ അധ്വാനത്തിലൂടെ പച്ചക്കാടാക്കി മാറ്റിയ ബാലേട്ടനെ ലോകമറിഞ്ഞു. ഇംഗ്ലീഷ് പത്രങ്ങളടക്കം ആ നിസ്വാർത്ഥ പ്രവർത്തനത്തെ അഭിനന്ദിച്ചു രംഗത്തെത്തി. ആ പച്ചക്കാടിന് സമീപത്തു ഇന്ന് വേനലിൽ പോലും നീരുറവ വറ്റാറില്ല. കല്ലൂരിലെ റോഡിനിരുവശവും യാത്രക്കാർക്ക് ആശ്വാസമായി പുതപ്പു പോലെ നിൽക്കുന്ന മരങ്ങളും ബാലേട്ടന്റെ കൈകളാൽ ഉയർന്നതാണ്..
വന്യജീവികൾ കാടിറങ്ങാതിരിക്കാൻ വനത്തോട് ചേർന്ന് ജീവികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ദിവസവും എത്തിച്ചു നൽകി വന്നതും പക്ഷികൾക്ക് ദാഹനീരിന് കുന്നിന്‍ മുകളിലെ പാറക്കെട്ടുകളില്‍ ജലസ്രോതസൊരുക്കിയതുമൊക്കെ ബാലേട്ടന്റെ വിശ്രമമില്ലാത്ത ദൗത്യങ്ങളിൽ ചിലതായിരുന്നു.
മണ്ണിനായി ജീവിച്ച ബാലേട്ടന്റെ 'തണലാണ്' ഇനിയങ്ങോട്ട് പരിസ്ഥിതി ദിനത്തിൽ സന്ദേശമാവുക. നിലനിൽപ്പ് പോലും ഭീതിയിലായ ഭൂമിക്ക് സംരക്ഷണമൊരുക്കാൻ എല്ലാകാലവും നമ്മൾ ബാധ്യസ്ഥരാണെന്ന ബാലേട്ടന്റെ വാക്കുകളും ഓർമ്മിക്കപ്പെടണം.