2050ഓടെ രാജ്യത്തു നിന്ന് കാട്ടുപൂച്ചകളെ (Feral Cats) മുഴുവനായി കൊന്നൊടുക്കാനുളള നീക്കവുമായി ന്യൂസീലന്‍ഡ്. ജൈവവൈവിധ്യത്തിനു കാട്ടുപൂച്ചകൾ കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ന്യൂസീലന്‍ഡിന്‍റെ ഒട്ടുമിക്ക എല്ലാഭാഗങ്ങളിലും കാട്ടുപൂച്ചകളെ വ്യാപകമായി കണ്ടുവരുന്നുണ്ട്. പക്ഷികളെയും വവ്വാലുകളെയും പല്ലികളെയും പ്രാണികളെയും ഇവ വ്യാപകമായി ഇല്ലായ്മ ചെയ്യുന്നത് ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു. ന്യൂസീലന്‍ഡിന്‍റെ ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തിയതായി പരിസ്ഥിതി സംരക്ഷണ മന്ത്രി താമ പൊടാക പറഞ്ഞു. പുതിയ പദ്ധതിയുടെ ഭാഗമായി ന്യൂസീലന്‍ഡിന്‍റെ ചിലയിടങ്ങളില്‍ കാട്ടുപൂച്ചകളെ കൊന്നൊടുക്കല്‍ നടപടി ആരംഭിച്ചുകഴിഞ്ഞു. അതേസമയം വളര്‍ത്തുപൂച്ചയുളള ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിയുടെ സന്തുലിതാവസ്ഥയ്ക്കും ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെ ഭാഗമായും ന്യൂസീലന്‍ഡ് ഇതിന് മുന്‍പും ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2021ൽ വലിയ തോതില്‍ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് വ്യാപകമായി മയിലുകളെ കൊന്നിരുന്നു.