Prime Minister Narendra Modi during the inauguration of 'Vantara', in Jamnagar, Gujarat. (@NarendraModi on Youtube via PTI Photo)
ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള 'വന്‍താര' വന്യജീവി റെസ്ക്യു– പുനരധിവാസ കേന്ദ്രത്തില്‍ മൃഗങ്ങള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഹക്കുഞ്ഞുങ്ങള്‍ക്ക് പാല് നല്‍കിയും ഒറാങ് ഉട്ടാനെ തോളിലേറ്റി താലോലിച്ചും സമയം ചിലവഴിക്കുന്ന മോദിയുടെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചില്ലുപാളിക്കിപ്പുറമിരിക്കുന്ന മോദിയുടെ സമീപത്തേക്ക് സിംഹങ്ങളും കടുവയും മുതലയുമെല്ലാം വന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. കൂറ്റന്‍ പാമ്പിനെയും ഇരുതലയുള്ള പാമ്പിനെയും ആമയെയും മോദി കാണുന്നതും വിഡിയോയില്‍ ഉണ്ട്.
വന്‍താര സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും വിഡിയോയും പ്രധാനമന്ത്രി തന്‍റെ എക്സ് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. വന്‍താര പോലെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മനുഷ്യനൊപ്പം മറ്റ് ജീവജാലങ്ങളെയും ചേര്‍ത്തുപിടിക്കുകയും അതിജീവനം സാധ്യമാക്കുകയും ചെയ്യുന്ന നമ്മുടെ ചിന്താഗതിയുടെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങളെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
വന്‍താരയുടെ ഭാഗമായുള്ള വന്യജീവി ആശുപത്രിയിലും മോദി സന്ദര്‍ശനം നടത്തി. ഹൈവേയില്‍ വച്ച് കാറിടിച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട പുള്ളിപ്പുലിക്ക് ശസ്ത്രക്രിയ നടത്തുന്നത് നേരില്‍ കണ്ട മോദി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് മടങ്ങിയത്.
സിംഹങ്ങള്‍, ജിറാഫുകള്‍, ആനകള്‍ വിവിധയിനം പക്ഷികള്‍ എന്നിങ്ങനെ പുനരധിവസിപ്പിക്കപ്പെട്ട ഒന്നരലക്ഷത്തിലേറെ മൃഗങ്ങളെ വന്‍താരയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. മൂവായിരം ഏക്കറിലായി നീണ്ട് കിടക്കുന്ന വന്‍താര വംശനാശ ഭീഷണി നേരിടുന്ന രണ്ടായിരത്തോളം ജന്തുജീവികളുടെയും ആവാസ കേന്ദ്രമാണ്. മൃഗസംരക്ഷണത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രാണി മിത്ര’ ദേശീയ പുരസ്‌കാരം അടുത്തയിടെ വന്‍താരയിലെ അത്യാധുനിക എലിഫന്‍റ് കെയറിന് ലഭിച്ചിരുന്നു.
Google Trending Topic- Vantara