Image Credit: instagram.com/dinbhar_bharat_

Image Credit: instagram.com/dinbhar_bharat_

TOPICS COVERED

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് താജ്മഹല്‍. യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചയിടം. രാജ്യത്തെ ഏറ്റവും ലാഭകരമായ വിനോദ സഞ്ചാര കേന്ദ്രവും ചരിത്രസ്മാരകവും. എന്നാല്‍ താജ് മഹലില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഒരിടമുണ്ട്. താജ്മഹല്‍ എന്ന പ്രണയ സൗധത്തിന്‍റെ പിറവിക്ക് കാരണമായ സാക്ഷാല്‍ മുംതാസിന്‍റെയും ഷാജഹാന്‍റെയും ശവകുടീരങ്ങള്‍. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത താജ് മഹലിന്‍റെ അറകളിലാണ് ഈ ഖബറുകള്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍ താജ്മഹലിന്‍റെ വിലക്കപ്പെട്ട അറകളില്‍ താന്‍ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു സഞ്ചാരി.

taj-mahal

ദിന്‍ബർ ഭാരത് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലാണ് താജ്മഹലിന്‍റെ പൊതുജനങ്ങള്‍ പ്രവേശിക്കാത്ത അറകളില്‍ നിന്നുള്ളവ എന്ന് അവകാശപ്പെട്ട് ദൃശ്യങ്ങളുള്ളത്. വിഡിയോയില്‍ മുംതാസിന്‍റെയും ഷാജഹാന്‍റെയും ശവകുടീരങ്ങളും കാണിക്കുന്നുണ്ട്. വിഡിയോയുടെ തുടക്കത്തില്‍ താഴേക്കുള്ള പടികള്‍ കാണിക്കുന്നുണ്ട്. അല്പ ദൂരം മുന്നോട്ട് ചെല്ലുമ്പോള്‍ ഒരു ചെറിയ മുറിയില്‍ എത്തുന്നു. അവിടെ ഒരു വലിയ ഖബറും സമീപത്തായി ഒരു ചെറിയ ഖബറും കാണാം. ഇവ ഷാജഹാൻ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്‍റെ പത്നി മുംതാസിന്‍റെയും ഖബറുകളാണെന്നും വിഡിയോയില്‍ പറയുന്നു. 1963 ലെ ഹിന്ദി ചിത്രം താജ്മഹലില്‍ നിന്നുള്ള ഗാനവും വിഡിയോയുടെ പശ്ചാത്തലത്തില്‍‌ ഉപേക്ഷിച്ചിട്ടുണ്ട്. 

നാലുദിവസം മുന്‍പ് പങ്കുവച്ച വിഡിയോക്ക് ഇതിനകം 15 മില്യണ്‍ കാഴ്ചക്കാരാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. എന്നാല്‍ ഈ വിഡിയോയുടെ ആധികാരികത എത്രത്തോളമാണെന്ന് വ്യക്തമല്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഒന്നും തന്നെ വിഡിയോയുടെ ആധികാരികത സംബന്ധിച്ച്  പ്രതികരിച്ചിട്ടില്ല. അതേസമയം, ചരിത്ര സ്മാരകമായ താജ്മഹലിലെ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ താജ്മഹലിന്‍റെ സുരക്ഷയിലും സംരക്ഷണത്തിലും ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. നിയന്ത്രിത മേഖലയിലേക്ക് ഇയാള്‍ എങ്ങിനെ പ്രവേശിച്ചു എന്നതും വ്യക്തമല്ല. 

വി‍ഡിയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പലരും ഇയാള്‍ എങ്ങിനെ നിയന്ത്രിത മേഖലയിൽ പ്രവേശിച്ചു എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം 1994-95 കാലഘട്ടത്തിൽ താന്‍ താജ്മഹൽ സന്ദർശിച്ചിരുന്നുവെന്നും അന്ന ശവകൂടീരം സ്ഥിതിചെയ്യുന്നയിടം പൊതുജനങ്ങൾക്കായി തുറന്നിരുന്നുവെന്നും ഒരാള്‍ വിഡിയോക്ക് താഴെ കുറിച്ചു. 

അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സംരക്ഷണയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സ്മാരകമെന്ന പട്ടികയിൽ താജ്മഹൽ ഒന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മാത്രം ₹297 കോടി വരുമാനം നേടിയതായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് രാജ്യസഭയില്‍ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Taj Mahal is a popular tourist destination known for its beauty and historical significance. A recent video claiming to show restricted areas inside the Taj Mahal has sparked controversy and raised security concerns.