എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഹിമാചൽ പ്രദേശിലെ ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവർഗത്തിൽപ്പെട്ട സഹോദരൻമാർ ഒരു യുവതിയെ വിവാഹം കഴിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷി നിര്‍ത്തി പൊതുചടങ്ങില്‍ പൂര്‍ണ സമ്മതത്തോടെയാണ് മൂന്നു സഹോദരന്മാര്‍ വിവാഹിതരായത് . സഹോദരന്മാരായ പ്രദീപ്, കപിൽ, നേഗി എന്നിവരാണ് സുനിത ചൗഹാനെ വധുവാക്കിയത്. യഥാര്‍ഥത്തില്‍ ജോഡിദാര എന്നറിയപ്പെടുന്ന പ്രാദേശിക ആചാരമാണിത്. എന്താണ് ജോഡിദാര എന്നറിയാം...
ജോഡിദാര സമ്പ്രദായം
ബഹുഭർതൃത്വം അംഗീകരിക്കുന്ന പരമ്പരാഗത രീതിയാണ് ജോഡിദാര . രണ്ടോ അതിലധികമോ സഹോദരന്മാർ ഒരു യുവതിയെ വിവാഹം കഴിക്കുന്ന രീതിയാണിത്. ഹിമാചൽ പ്രദേശിലെ ട്രാൻസ്-ഗിരി മേഖലയിലെ ഹട്ടി ഗോത്രവർഗത്തില്‍ ഇത് നടന്നുപോരുന്നുണ്ട്. പഞ്ചപാണ്ഡവര്‍ പാഞ്ചാല രാജകുമാരിയായ ദ്രൗപതിയെ വിവാഹം കഴിച്ചതിനോട് ചേര്‍ത്തു നിര്‍ത്താം ഈ ആചാരത്തെ. ജോഡിദാര എന്നുമാത്രമല്ല ഗോത്രവർഗക്കാര്‍ ഈ ആചാരത്തെ ഉജ്ല പക്ഷ് എന്നും വിളിക്കുന്നു. ഈ സമ്പ്രദായത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം മാറിമാറി സമയം ചിലവഴിക്കുന്നു. ഈ കാലയളവ് ദമ്പതിമാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയാണ് പതിവ്. ഇവര്‍ക്കുണ്ടാകുന്ന കുട്ടികളെ കുടുംബം ഒരുമിച്ചായിരിക്കും വളര്‍ത്തുന്നത്. എങ്കിലും മൂത്ത സഹോദരനായിരിക്കുംനിയമപരമായി കുട്ടികളുടെ പിതാവ്. എന്നാല്‍ എല്ലാ സഹോദരങ്ങളും പിതാവിന്‍റെ ഉത്തരവാദിത്തങ്ങൾ പങ്കിടുന്നു.
എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഗോത്ര കുടുംബങ്ങളില്‍ സ്വത്തും ഭൂമിയും ഭാഗം വയ്ക്കപ്പെടുന്നത് തടയാന്‍ ജോഡിദാര സമ്പ്രദായം സഹായിക്കുന്നു. പ്രത്യേകിച്ചും കൃഷി ഉപജീവനമാർഗ്ഗമാക്കിയ ഹിമാചലിലെ കുന്നിൻ പ്രദേശങ്ങളിൽ കുടുംബങ്ങൾ കുടുംബപരമായി ലഭിച്ച ഭൂമിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഒരു സ്ത്രീയെ ഒന്നിലധികം സഹോദരന്മാർക്ക് വിവാഹം കഴിപ്പിക്കുന്നതിലൂടെ അവർ സ്വത്ത് ഏകീകരിച്ച് നിലനിർത്തുകയും അവകാശികൾക്കിടയിൽ വിഭജിക്കുന്നത് തടയുകയും ചെയ്യുന്നു. കുടുംബങ്ങളിൽ ഈ സംവിധാനം ഐക്യം കാത്തുസൂക്ഷിക്കുന്നതായും പറയപ്പെടുന്നു. സാമൂഹികവും സാമ്പത്തികവുമായ സ്ഥിരതയാണ് ഇതിലൂടെ ഗോത്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്.
ജോഡിദാര നിയമപരമാണോ?
ഇന്ത്യൻ നിയമം പോളിയാൻഡ്രി നിരോധിക്കുന്നുണ്ടെങ്കിലും ഹിമാചൽ പ്രദേശ് ഹൈക്കോടതി ഉത്തരവിലൂടെ ജോഡിദാർ ആചാരത്തെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഇത് തുടര്‍ന്ന് പോകുന്നു. ഹട്ടി സമുദായ നേതാക്കളാകട്ടെ ഈ പാരമ്പര്യത്തെ ഒരു അനിവാര്യമായ സാംസ്കാരിക അടയാളമായി കണക്കാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ, ഹിമാചലിലെ ട്രാൻസ്-ഗിരി മേഖലയിലെ കുടുംബങ്ങൾ അഞ്ച് ബഹുഭർതൃ വിവാഹങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സിർമൗറിലുടനീളമുള്ള ഗ്രാമങ്ങളും ഈ ആചാരം സജീവമായി നിലനിർത്തുന്നുണ്ട്.