eye-yoga-01

TOPICS COVERED

ശരീരത്തിന്‍റെയും മനസിന്‍റെയും സമ്പൂര്‍ണ ആരോഗ്യത്തിന് ഉതകുന്ന വ്യായാമമുറകളും ക്രിയകളുമാണ് യോഗ. പഞ്ചേന്ദ്രിയങ്ങളില്‍ പ്രധാനമായ കാഴ്ചയുടെ സംരക്ഷണത്തിലും യോഗയ്ക്ക് നന്നായി സഹായിക്കാന്‍ കഴിയും. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ലാപ്‍ടോപ്, കംപ്യൂട്ടറുകള്‍ തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം, അന്തരീക്ഷമലിനീകരണം, ഭക്ഷണത്തിലെ പോരായ്മകള്‍ തുടങ്ങി ജോലിയിലെയും ജീവിതരീതിയിലെയും പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവയവമാണ് കണ്ണ്. കാഴ്ച കുറയുന്നതോ തടസപ്പെടുന്നതോ നഷ്ടപ്പെടുന്നോ ആലോചിക്കാന്‍ കൂടി കഴിയില്ലല്ലോ. അപ്പോള്‍ കണ്ണിന്‍റെ സംരക്ഷണം അതിപ്രധാനമാണ്.

eye-yoga-04

ശരീരത്തിനാകമാനം ആരോഗ്യവും ഉണര്‍വും നല്‍കാന്‍ യോഗയ്ക്ക് കഴ‌ിയുമെങ്കില്‍ തീര്‍ച്ചയായും കണ്ണിന്‍റെ ആരോഗ്യത്തിനും യോഗ സഹായിക്കും. യോഗയില്‍ നിര്‍ദേശിക്കുന്ന വ്യായാമങ്ങള്‍ കൃത്യമായി ചെയ്താല്‍ കണ്ണിനുമേലുള്ള അമിതസമ്മര്‍ദവും ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാനും വലിയൊരളവുവരെ പ്രതിരോധിക്കാനും കഴിയും. നേത്രരോഗങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലല്ല, നേത്രാരോഗ്യം വര്‍ധിപ്പിക്കാനും രോഗങ്ങളുണ്ടെങ്കില്‍ അതിനുള്ള ചികില്‍സയുടെ ഫലപ്രാപ്തി ഉറപ്പാക്കാനുമുള്ള ഉപാധിയാണ് യോഗാസനങ്ങള്‍.

eye-yoga-02

കാഴ്ചശക്തി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ലളിതമായ യോഗാസനങ്ങള്‍ ഇതാ...

1. പാമിങ് (Palming): കണ്ണുകളടച്ച് നിശബ്ദമായി നിവര്‍ന്നിരിക്കുക. ഏതാനും തവണ ദീര്‍ഘമായി ശ്വസിച്ച് റിലാക്സ് ചെയ്യുക. രണ്ട് കൈപ്പത്തികളും കൂട്ടിത്തിരുമ്മുക. കൈകള്‍ ചൂടാകുമ്പോള്‍ ഇരുകൈകളും കണ്ണുകള്‍ക്കുമീതെ വയ്ക്കുക. ഉള്ളംകയ്യിലെ ചൂട് കണ്ണുകളിലേക്ക് പ്രവഹിക്കുന്നത് ആസ്വദിക്കുക. കണ്ണുകളിലെ സമ്മര്‍ദം അയയുന്നത് തിരിച്ചറിയുക. അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക. കണ്ണുകളിലെ ഡ്രൈനെസും (വരണ്ട കണ്ണുകള്‍) നേത്രനാഡികളിലെ സമ്മര്‍ദവും കുറയ്ക്കാന്‍ ഇത് സഹായിക്കും. ഒപ്പം കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളിലെ അമിതസമ്മര്‍ദം കുറയുകയും ചെയ്യും.

2. ബ്ലിങ്കിങ് (Blinking): സൗകര്യപ്രദമായ രീതിയില്‍ നിവര്‍ന്നിരിക്കുക. കണ്ണുകള്‍ തുറന്നുപിടിക്കുക. 10–15 തവണ അതിവേഗം കണ്ണുകള്‍ അടച്ചുതുറക്കുക. കണ്ണുകളടച്ച് 20 സെക്കന്‍ഡ് നേരം ഇരിക്കുക. ഈ സമയം ശ്വാസഗതിയില്‍ ശ്രദ്ധിക്കുക. അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക. കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്താനും അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും. കണ്ണുകളിലെ പേശികളുടെ ആരോഗ്യവും മെച്ചപ്പെടും.

3. 20–20–20: ഓരോ 20 മിനിറ്റിലും കണ്ണിനുവേണ്ടി 20 സെക്കന്‍ഡ് ബ്രേക്ക് എടുക്കുക. 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക. 20 സെക്കന്‍ഡ് വിശ്രമിക്കുക. വര്‍ധിച്ച സ്ക്രീന്‍ ടൈം കാരണമുള്ള സ്ട്രെസ് കുറയ്ക്കാനും നേത്രപേശികളിലെ സമ്മര്‍ദം ലഘൂകരിക്കാനും ഇത് സഹായിക്കും.

4. ദൃഷ്ടികേന്ദ്രം മാറ്റല്‍ (Focus shifting): സൗകര്യപ്രദമായ രീതിയില്‍ നിവര്‍ന്നിരിക്കുക. കണ്ണുകള്‍ തുറന്നിരിക്കട്ടെ. തള്ളവിരല്‍ മാത്രം ഉയര്‍ത്തിവച്ച് കൈപ്പത്തി ചുരുട്ടി കൈ മുന്നോട്ട് നീട്ടിപ്പിടിക്കുക. കണ്ണുകളുടെ നേരെ ആയിരിക്കണം തള്ളവിരലിന്‍റെ സ്ഥാനം. ആദ്യം തള്ളവിരലില്‍ ശ്രദ്ധിക്കുക. അതിനുശേഷം 20 അടി അകലെയുള്ള മറ്റേതെങ്കിലും വസ്തുവില്‍ ഫോക്കസ് ചെയ്യുക. രണ്ടുമിനിറ്റ് നേരം ഇങ്ങനെ ഫോക്കസ് ഷിഫ്റ്റ് ചെയ്യുക. കണ്ണുകളിലെ ലെന്‍സിന്‍റെയും നേത്രപേശികളുടെയും ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ് ഈ രീതി.

eye-palm

5. ചംക്രമണം (Eye rolling): സൗകര്യപ്രദമായ രീതിയില്‍ നിവര്‍ന്നിരിക്കുക. തോളുകള്‍ വിശ്രമാവസ്ഥയില്‍ ആയിരിക്കണം. കഴുത്തും മുഖവും നേരേ പിടിക്കുക. കണ്ണുകള്‍ വലത്തേയറ്റത്തേക്ക് നോക്കുക. ദൃഷ്ടി പതിയെ സീലിങ്ങിലേക്കും അവിടെ നിന്ന് ഇടതുവശത്തുകൂടി താഴേക്കും നിലത്തേക്കും എത്തിക്കുക. ഇത്തരത്തില്‍ 5 തവണ വീതം ഇരുഭാഗത്തേക്കും (clock-wise and counter clock-wise) കണ്ണുകള്‍ കറക്കുക. വലതുകൈ നീട്ടിപ്പിടിച്ച് തള്ളവിരല്‍ കൊണ്ട് മെല്ലെ വായുവില്‍ വലിയ വൃത്തം വരച്ചും ഐ റോളിങ് ചെയ്യാം. ഫോക്കസ് തള്ളവിരലില്‍ തന്നെയായിരിക്കണം.

eye-rolling

6. മുകളിലേക്കും താഴേക്കും ദൃഷ്ടി മാറ്റല്‍ (Up and Down viewing): സൗകര്യപ്രദമായ രീതിയില്‍ നേരെ നിവര്‍ന്നിരിക്കുക. കൈകള്‍ നീട്ടി ഇരുകാല്‍മുട്ടുകളിലും വയ്ക്കുക. തള്ളവിരല്‍ ഒഴികെയുള്ള വിരലുകള്‍ ചുരുട്ടിപ്പിടിക്കുക. വലതുകൈ മുട്ടുമടക്കാതെ മെല്ലെ ഉയര്‍ത്തുക. മുഖമോ കഴുത്തോ അനക്കാതെ കണ്ണുകള്‍ മാത്രം വലതുകയ്യുടെ തള്ളവിരലില്‍ ശ്രദ്ധിക്കുക. വലതുകൈ പരമാവധി മുകളില്‍ എത്തിയശേഷം മെല്ലെ താഴേക്ക് കൊണ്ടുവരിക. തള്ളവിരലില്‍ നിന്ന് കണ്ണെടുക്കരുത്. ഇനി ഇടതുകൈ കൊണ്ട് ഇതേ രീതി ആവര്‍ത്തിക്കുക. ഓരോ കയ്യും ഉപയോഗിച്ച് അഞ്ചുതവണ വീതം അപ് ആന്‍ഡ് ഡൗണ്‍ വ്യൂവിങ് ചെയ്യുക. കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ ശ്വാസമെടുക്കുകയും താഴ്ത്തുമ്പോള്‍ ശ്വാസം വിടുകയും ചെയ്യുന്നത് കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ സഹായിക്കും.

7. നാസികാഗ്രം ശ്രദ്ധിക്കല്‍ (Nose tip gazing): സൗകര്യപ്രദമായ രീതിയില്‍ നിലത്ത് നിവര്‍ന്നിരിക്കുക. ചമ്രം പടിഞ്ഞിരിക്കുകയോ സുഖാസനത്തില്‍ ഇരിക്കുകയോ ആകാം. വലതുകയ്യുടെ തള്ളവിരല്‍ ഒഴികെയുള്ള വിരലുകഴള്‍ ചുരുട്ടിപ്പിടിക്കുക. തള്ളവിരല്‍ മുകളിലേക്ക് ഉയര്‍ന്നിരിക്കട്ടെ. കൈമുട്ട് മടക്കാതെ വലതുകൈ കണ്ണുകള്‍ക്ക് മുന്നിലായി നീട്ടിപ്പിടിക്കുക. കണ്ണുകള്‍ നീട്ടിപ്പിടിച്ച കയ്യുടെ തള്ളവിരലിന്‍റെ അറ്റത്ത് ശ്രദ്ധിക്കുക. പതിയെ തള്ളവിരല്‍ മൂക്കിന്‍റെ തുമ്പിലേക്ക് കൊണ്ടുവരിക. ഈ സമയമെല്ലാം കണ്ണുകള്‍ വിരല്‍ത്തുമ്പില്‍ത്തന്നെ ആയിരിക്കണം. മൂക്കിന്‍തുമ്പില്‍ അല്‍പനേരം നിര്‍ത്ത‌ിയശേഷം കൈ വീണ്ടും നേരെയാക്കുക. അപ്പോഴെല്ലാ കണ്ണുകളുടെ ഫോക്കസ് തള്ളവിരലിന്‍റെ തുമ്പില്‍ നിലനിര്‍ത്തുക. ഇത്തരത്തില്‍ അഞ്ചുവട്ടം ചെയ്യുക. കൈ മൂക്കിന്‍ തുമ്പിലേക്ക് അടുപ്പിക്കുമ്പോള്‍ അതിന്‍റെ ഗതിക്കുസരിച്ച് ശ്വാസമെടുക്കുകയും മൂക്കിന്‍ തുമ്പില്‍ നില്‍ക്കുമ്പോള്‍ ശ്വാസം ഹോള്‍ഡ് ചെയ്യുകയും കൈ നേരെയാക്കുമ്പോള്‍ ശ്വാസം വിടുകയും ചെയ്യുന്നത് ഫോക്കസ് വര്‍ധിപ്പിക്കും.

കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല എന്ന് കേട്ടിട്ടില്ലേ. അത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം സ്ക്രീനുകളില്‍ അഭിരമിക്കുന്നവര്‍ കണ്ണിന്‍റെ വിലയറിയാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. അതുകൊണ്ടുതന്നെ കണ്ണിന്‍റെ ആരോഗ്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം. അതിന് യോഗയും ആഹാരക്രമങ്ങളും ജീവിതരീതിയുമെല്ലാം സഹായിക്കും.

ENGLISH SUMMARY:

Yoga, widely known for its benefits to the body and mind, also offers specific exercises to protect and improve eye health. Modern lifestyles, characterized by excessive screen time and environmental factors, put immense strain on our eyes, making proactive care essential. Regularly practicing these eye yoga exercises can help reduce strain, alleviate dryness, and strengthen the ocular muscles. The article details simple techniques such as "Palming" to relax the eyes with warmth and "Blinking" to maintain moisture. More active exercises include "Eye Rolling" and "Focus Shifting" to improve muscle flexibility and lens function. Ultimately, while not a cure for diseases, these practices serve as a powerful tool to maintain good vision and support overall eye wellness.