അടുത്തിടെ യുവതലമുറയിൽ കണ്ടുവരുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ, അതിന്റെ കാരണമെന്താണെന്ന്. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, ക്ഷീണം, കംപ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുക പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ ഇതെല്ലാം കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത പാടുകള്‍ വരാനുള്ള കാരണങ്ങളാണ്.
എന്നാല്‍, ഇതിനെ അങ്ങനെ നിസാരമായി കാണണ്ട. ശ്വാസതടസ്സത്തിന് വരെ കാരണമാകാവുന്ന വിളര്‍ച്ചയുടെ സൂചനകൂടിയാണ് കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍സ്. ശരീരത്തിലെ അയണ്‍ കുറയുമ്പോഴും ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്ന ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴും അത് വിളര്‍ച്ചയിലേക്ക് നയിക്കും. അയണിന്റെ അളവ് കുറയുമ്പോള്‍ മുടികൊഴിയുകയും നഖം പൊട്ടുകയും ചെയ്യുന്നതുപോലെ തന്നെ ശരീരം കാണിച്ചുതരുന്ന മറ്റൊരു ലക്ഷണമാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്.
രക്തം ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്നത് കുറയുമ്പോള്‍ ക്ഷീണവും കണ്ണിന് താഴെയുളള കറുത്ത വൃത്തങ്ങളും ഉണ്ടാകുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്തപാടുകളും കൂടാതെ, കഠിനമായ ക്ഷീണം, നെഞ്ചുവേദനയും ശ്വാസതടസവും, തലകറക്കം, അണുബാധകള്‍, ഹൃദയമിടിപ്പിലെ വ്യത്യാസം, കഠിനമായതും ആവര്‍ത്തിച്ചുളളതുമായ തലവേദന ഇവയും വിളര്‍ച്ചയുടെ മറ്റ് പ്രധാന ലക്ഷണങ്ങളാണ്. ലോകമെമ്പാടുമായി ഭൂരിഭാഗം ആളുകളും ഇത്തരത്തിലുളള വിളര്‍ച്ച അനുഭവിക്കുന്നുണ്ട്. ഇത് വ്യക്തികളുടെ ജീവിതത്തെ പല തരത്തില്‍ ബാധിച്ചേക്കാം. ചിലത് ചികിത്സയിലൂടെ ഭേദമാകുമെങ്കിലും മറ്റ് ചിലത് ജീവിതകാലം മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.