genz-aids-cases

കേരളത്തിൽ 15-നും 25-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ എയ്ഡ്സ് (AIDS) ബാധിതരുടെ എണ്ണം കൂടാനുള്ള കാരണം ശാസ്ത്രീയമായ അറിവിന്റെ അഭാവമാണെന്ന് സൈക്കോളജിസ്റ്റ് ഡോ. ഹേന എൻഎൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ജെൻസി തലമുറയുടെ സുരക്ഷിതമല്ലാത്ത ലൈം​ഗിക ബന്ധത്തെപ്പറ്റി സംസാരിച്ചത്. 

'പണ്ടുകാലത്തും ഒന്നിലധികം ബന്ധങ്ങൾ പുലർത്തുന്നവർ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും ഡേറ്റിംഗ് ആപ്പുകളും വഴി ആളുകൾക്ക് പരസ്പരം പരിചയപ്പെടാൻ കൂടുതൽ അവസരങ്ങളുണ്ട്. 'ബോഡി കൗണ്ട്' (Body Count) അഥവാ എത്ര ലൈംഗിക പങ്കാളികൾ ഉണ്ടായി എന്നത് ഒരു ഹീറോയിസം ആയി കാണുന്ന പ്രവണത ഇന്നത്തെ യുവാക്കൾക്കിടയിൽ കൂടുന്നുണ്ട്.

സുരക്ഷിതമായ രീതിയിൽ എങ്ങനെ ജീവിതം ആസ്വദിക്കാം എന്ന് നാം കുട്ടികളെ പഠിപ്പിക്കണം. ഇവിടെയാണ് 'കോംപ്രിഹെൻസീവ് സെക്ഷ്വാലിറ്റി എജ്യുക്കേഷന്റെ' (Comprehensive Sexuality Education) പ്രസക്തിയേറുന്നത്.  ലൈംഗിക വിദ്യാഭ്യാസം എന്നാൽ ലൈംഗിക ബന്ധത്തെക്കുറിച്ച് പഠിപ്പിക്കുക എന്ന് മാത്രമല്ല. സ്വന്തം ശരീരത്തെക്കുറിച്ച് അറിവ് നൽകുക എന്നതാണ് ആദ്യ പടി. കണ്ണും കാതും പഠിപ്പിക്കുന്നത് പോലെ തന്നെ ജനനേന്ദ്രിയങ്ങളെക്കുറിച്ചും അവയുടെ ശരിയായ പേരുകളും കുട്ടികളെ പഠിപ്പിക്കണം. ഇത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ സഹായിക്കും. 

ഭിന്നശേഷിയുള്ള കുട്ടികളായാലും ശാരീരികമായ മാറ്റങ്ങൾ സ്വാഭാവികമാണ്. അത്തരം അവസരങ്ങളിൽ മാതാപിതാക്കൾ പരിഭ്രമിക്കാതെ ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം. കുട്ടികൾക്ക് സ്വകാര്യതയെക്കുറിച്ചും ശരീരത്തിന്റെ അതിരുകളെക്കുറിച്ചും (Boundaries) പറഞ്ഞു കൊടുക്കണം. 'ഗുഡ് ടച്ച്, ബാഡ് ടച്ച്' എന്നതിനേക്കാൾ ഉപരിയായി 'സേഫ്' (Safe), 'അൺസേഫ്' (Unsafe) പെരുമാറ്റങ്ങൾ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണം.

കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുക. അത് കേട്ട് പരിഭ്രമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. പ്രായപൂർത്തിയാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മുൻകൂട്ടി തന്നെ അവരോട് സംസാരിക്കുക'. കുട്ടികളുടെ തീരുമാനങ്ങളെ ബഹുമാനിക്കാനും അവരോട് തുറന്ന സംസാരത്തിന് അവസരമൊരുക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഡോ. ഹേന അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports that Psychologist Dr. Hena NN identifies a lack of scientific knowledge as the primary reason for the increase in AIDS cases among those aged 15-25 in Kerala. She highlights the role of social media and dating apps in promoting unsafe sexual relationships and the concerning trend of viewing 'body count' as a status symbol among today's youth.