ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് ജനിക്കാന്‍ പോകുന്ന കുട്ടികളിൽ ഓട്ടിസം, എഡിഎച്ച്ഡി, ശാരീരിക– മാനസിക വെല്ലുവിളികള്‍ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നതിന് യാതൊരു തെളിവുകളുമില്ലെന്ന് പഠനം. പാരസെറ്റമോൾ ഓട്ടിസത്തിന് കാരണമാകുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അവകാശവാദങ്ങള്‍ പൊളിച്ചാണ് പുതിയ പഠനം പുറത്തുവന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകരാമുള്ള പാരസെറ്റാമോള്‍ ഉപയോഗം തികച്ചും സുരക്ഷിതമാണെന്ന് പഠനം ഊന്നിപ്പറയുന്നു. നേരത്തേ തന്നെ ലോകാരോഗ്യ സംഘടനയടക്കമുള്ളവ ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
Image Credit: Reuter (Left), AFP (Middle), Manorama (right)
കഴിഞ്ഞ സെപ്റ്റംബറിലാണ് 'ഗര്‍ഭിണികളായ സ്ത്രീകള്‍ 'ടൈലനോള്‍' (പാരസെറ്റമോള്‍) ഒഴിവാക്കണം, അല്ലെങ്കില്‍ ഓട്ടിസമുള്ള കുഞ്ഞ് ജനിച്ചേക്കാം' എന്ന വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. അസെറ്റമോമിനോഫെന്‍ എന്ന മരുന്നിന്‍റെ ബ്രാന്‍ഡ് നെയിമാണ് ടൈലനോള്‍. ഇന്ത്യയിലും യുകെയിലും പാരസെറ്റമോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണയായി വേദന കുറയ്ക്കാനും പനി കുറയ്ക്കാനുമാണ് പാരസെറ്റമോള്‍ ഡോക്ടര്‍മാര്‍ നല്‍കി വരുന്നത്. ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്നതിനാല്‍ മരുന്ന് എളുപ്പത്തില്‍ ലഭ്യവുമാണ്. കാലങ്ങളായി ലോകമെങ്ങുമുള്ള ഗര്‍ഭിണികള്‍ ഗര്‍ഭകാല വേദന കുറയ്ക്കാന്‍ പാരസെറ്റമോള്‍ കഴിച്ചു വരുന്നുമുണ്ട്. അതുകൊണ്ടു തന്നെ യുഎസ് പ്രസിഡന്റിന്റെ പരാമർശം ഗർഭിണികളിൽ വലിയ ഉത്കണ്ഠ ഉളവാക്കിയിരുന്നു.
എന്നാല്‍ ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നതുമൂലം ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസം, എഡിഎച്ച്ഡി, ശാരീരിക– മാനസിക വെല്ലുവിളികള്‍ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് ലാൻസെറ്റ് ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി ആൻഡ് വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യൂറോപ്പിലുടനീളമുള്ള ഏഴ് ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. ഗര്‍ഭസമയത്ത് പാരസെറ്റമോള്‍ കഴിച്ച അമ്മമാരെയും കഴിക്കാത്ത അമ്മമാരേയും അവര്‍ക്കുണ്ടായ കുട്ടികളെയും ഉള്‍പ്പെടുത്തിയായിരുന്നു പഠനം.
പാരസെറ്റമോളും ഓട്ടിസവും തമ്മില്‍ എന്തെങ്കിലും ബന്ധമോ, ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതിന് എന്തെങ്കിലും തെളിവുകളോ പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. ഗർഭകാലത്ത് ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഗവേഷകർ പഠനം നടത്തിയ ഗവേഷകരും വ്യക്തമാക്കി. ട്രംപിന്റെ പേര് പരാമർശിക്കാതെയായിരുന്നു പരാമര്‍ശങ്ങള്‍. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ ഉൾപ്പെടെ സങ്കീർണ്ണമായ പലപല ഘടകങ്ങളുടെ ഫലമായാണ് ഓട്ടിസം ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഗർഭകാലത്തെ പാരസെറ്റമോൾ ഉപയോഗത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇതോടെ അവസാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകര്‍ പറഞ്ഞു.
അതേസമയം, പാരസെറ്റാമോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. പതിവായി പാരസെറ്റാമോള്‍ (നാല് ഗ്രാമിലേറെയുള്ളത്) കഴിക്കുന്നത് കരളിന്‍റെ പ്രവര്‍ത്തനം താറുമാറാക്കും. അസുഖങ്ങളൊന്നുമില്ലാതെയാണ് പാരസെറ്റാമോള്‍ കഴിക്കുന്നതെങ്കില്‍ അര മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഛര്‍ദ്ദി, ശരീരം വെട്ടിവിയര്‍ക്കല്‍, ക്ഷീണം, വയറുവേദന, വിശപ്പില്ലായ്മ, വയറിളക്കമോ മലബന്ധമോ, ശരീരവേദനയോ അനുഭവപ്പെടാം. ഇതിന് പുറമെ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കും. ഡോസ് കൂടുന്നതിനനുസരിച്ച് മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലാകും.
എന്താണ് ഓട്ടിസം?
വ്യക്തിയുടെ ആശയവിനിമയത്തെയും സാമൂഹിക ഇടപെടലിനെയും ചുറ്റുപാടുകളെയും അറിയുന്നതിനെയും ബാധിക്കുന്ന തരത്തില്‍ നാഡീവ്യൂഹത്തിലുണ്ടാകുന്ന അവസ്ഥയാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍. വൈവിധ്യമാര്‍ന്ന കഴിവുകളും വെല്ലുവിളികളും ഈ അവസ്ഥ ബാധിച്ച കുട്ടികളിലുണ്ടാകാം. ഇത് ആളുകളെ അനുസരിച്ച് ഏറിയും കുറഞ്ഞും വരാം.