ഇറാനെതിരെ ഉടന്‍ സൈനിക നടപടി ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രക്ഷോഭകര്‍ക്കെതിരെ വധശിക്ഷയ്ക്ക് ഇറാന്‍ തയാറയേക്കില്ലെന്നും സ്ഥിതി നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രക്ഷോഭകരെ തൂക്കിലേറ്റില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇറാനില്‍ അമേരിക്കന്‍ സൈനിക നടപടി ഉടനെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് ട്രംപിന്റെ പ്രതികരണം. സൈനികനടപടി പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലിലാണ് സ്ഥിതി നിരീക്ഷിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. സൈനിക ഇടപെടൽ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കുകയും പ്രതിഷേധക്കാര്‍ക്കെതരിരെ അടിച്ചമർത്തൽ ശക്തമാക്കുകയും ചെയ്യുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളുടെ വിലയിരുത്തല്‍. ആണവശേഷിയുള്ള രാജ്യത്ത് അരാജകത്വം വന്നാല്‍ സ്ഥിതി കൈവിട്ടുപോകുമെന്നും കരുതപ്പെടുന്നു.
അറസ്റ്റിലായ പ്രക്ഷോഭകര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും, എന്നാല്‍ വധശിക്ഷ നടപ്പാക്കില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്്ച്ചി അറിയിച്ചു. 18,137 പ്രക്ഷോഭകര്‍ തടവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 2,403 പ്രക്ഷോഭകരും സർക്കാർ അനുകൂലികളായ 147 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഖത്തറിലെ വ്യോമതാവളത്തില്‍ നിന്ന് യു.എസ് സേനയെ മാറ്റാനുള്ള തീരുമാനം വന്നതോടെ ഇറാനില്‍ അമേരിക്കന്‍ സൈനികനടപടി ആസന്നമായെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇറാന്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു.