donald-trump-warns-iran-on-hanging-irfan

ഇറാനില്‍ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ ഇടപെടുമെന്ന് ആവര്‍ത്തിച്ച് യുഎസ്. ഇറാനിലെ സ്ഥിതിഗതികള്‍  വിലയിരുത്തുകയാണെന്നും പ്രക്ഷോഭകാരികളിലൊരാളെ പരസ്യമായി തൂക്കിലേറ്റാനുള്ള തീരുമാനത്തിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനായാണ് ഖമനയിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെന്ന് ആരോപിച്ച് ഇര്‍ഫാന്‍ സുല്‍ത്താനിയെന്ന 26കാരനെ ഇറാന്‍ തൂക്കിലേറ്റാന്‍ ഒരുങ്ങുന്നത്.  കറാജ് പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനിടെയാണ് ഇര്‍ഫാനെ പട്ടാളം പിടിച്ചുകൊണ്ടുപോയത്. ഇറാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും കൃത്യസമയത്ത് ശക്തമായ നടപടിയുണ്ടാകുമെന്നും ഇര്‍ഫാനെ തൂക്കിലേറ്റിയാല്‍ ഇറാന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. 

ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ 2000ത്തിലേറെപ്പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നും പതിനായിരത്തോളം പ്രക്ഷോഭകാരികള്‍ തടവിലാണെന്നുമാണ് ഇറാനില്‍ നിന്നുള്ള അനൗദ്യോഗിക വിവരം. യഥാര്‍ഥ കണക്കുകള്‍ ഇന്‍റര്‍നെറ്റ് ബ്ലാക്ക്ഔട്ടിനെ തുടര്‍ന്ന് ലഭ്യമായിട്ടില്ല. ഒരു നിരപരാധിയുടെ ജീവനെടുക്കുന്നത് തന്നെ അനുവദിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് ആയിരങ്ങളെ ഖമനയി ഭരണകൂടം കൊല്ലുന്നതെന്നും ട്രംപ് പറഞ്ഞു. 20 മിനിറ്റിനുള്ളില്‍ ഇറാനിലെ കൃത്യമായ ചിത്രം തനിക്ക് ലഭിക്കുമെന്നും അതിന് ശേഷം ഉചിതമായ നടപടിയുണ്ടാകുമെന്നും ട്രംപ് മിഷിഗണില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇറാനിലെ ജനങ്ങള്‍ പ്രക്ഷോഭം തുടരണമെന്നും സഹായം പുറപ്പെട്ടു കഴിഞ്ഞുവെന്നും ട്രംപ് ഇന്നലെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഇതിന്  പിന്നാലെ ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇറാനെ ആക്രമിച്ചാല്‍ ട്രംപ് ഒരിക്കലും മറക്കാത്ത തിരിച്ചടി നല്‍കുമെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. 734 പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാനില്‍ നിന്നുള്ള ഔദ്യോഗിക കണക്ക്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് പേരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വിലക്കയറ്റത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ഡിസംബര്‍ അവസാന ആഴ്ചയിലാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. വ്യാപാരികള്‍ തുടക്കമിട്ട പ്രക്ഷോഭത്തില്‍ ക്രമേണെ സ്ത്രീകളും യുവാക്കളും ചേര്‍ന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തീയിട്ടും ഖമനയിയുടെ ചിത്രങ്ങള്‍ തെരുവുകളില്‍ കൂട്ടിയിട്ട് കത്തിച്ചും ആളുകള്‍ പ്രതിഷേധം ആരംഭിച്ചതോടെ ഇറാന്‍ സൈന്യം അടിച്ചമര്‍ത്തല്‍ തുടങ്ങി. പടി‍ഞ്ഞാറന്‍ ടെഹ്റാനിലാണ് പ്രക്ഷോഭം അതിശക്തമായി തുടരുന്നത്. പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ്– ടെലഫോണ്‍ സേവനങ്ങള്‍ സ്തംഭിപ്പിച്ചു. ഇതോടെ ഇറാന്‍ ജനതയ്ക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനത്തിലൂടെയാണ് ഇറാനിലെ സംഭവങ്ങള്‍ പ്രക്ഷോഭകാരികള്‍ പുറംലോകവുമായി പങ്കുവച്ചുകൊണ്ടിരുന്നത്. എന്നാല്‍ അത്യാധുനിക ജാമറുകള്‍ ഉപയോഗിച്ചും റെയ്ഡില്‍ ഡിഷുകള്‍ പിടിച്ചെടുത്തും പട്ടാളം വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത് അടിച്ചമര്‍ത്തുകയാണ്.

ENGLISH SUMMARY:

US President-elect Donald Trump has issued a stern warning to Iran against the public execution of 26-year-old protester Irfan Sultani. Trump stated that the Iranian regime would pay a heavy price if they continued to kill innocent civilians participating in the anti-government uprising. Official reports from Iran acknowledge 734 deaths, but unofficial figures suggest over 2,000 protesters have been killed during the ongoing unrest. Trump emphasized that he is closely monitoring the situation and expects a clear intelligence report within 20 minutes to decide on further measures. The US leader also encouraged the people of Iran to continue their struggle, promising that support is on the way. Meanwhile, Iran has threatened a severe retaliatory strike if the United States attempts any military intervention in the region.