Image Credit: Reuters
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ വാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത് മറയ്ക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങി റെയ്ഡ് നടത്തി പട്ടാളം. മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം തടസപ്പെടുത്താന്‍ റഷ്യന്‍– ചൈനീസ് നിര്‍മിത അത്യാധുനീക ജാമറുകള്‍ ഉപയോഗിക്കുന്നതിന് പുറമെയാണ് പരിശോധന. ഇറാനിലെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സാധ്യമായ എല്ലാമാര്‍ഗങ്ങളിലൂടെയും തടയുമെന്നായിരുന്നു യുഎസ് ഖമനയിക്ക് നല്‍കിയ മുന്നറിയിപ്പ്. ഇറാനില്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ മസ്കിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് താന്‍ അന്വേഷിക്കുമെന്നും മതിയായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ഡോണള്‍ഡ് ട്രംപും പറഞ്ഞു. ഇതിന് പിന്നാലെയാണ് വ്യാപക റെയ്ഡ്. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് തടയുന്നതിനായാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച മുതലാണ് പടിഞ്ഞാറന്‍ ടെഹ്റാനില്‍ സൈന്യം വീടുകള്‍ കയറി പരിശോധന തുടങ്ങിയതെന്നും സ്റ്റാര്‍ലിങ്കിന്‍റെ ഡിഷുകള്‍ എടുത്തുകൊണ്ട് പോകുന്നുവെന്നും യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിയാന്‍ ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് ഡയറക്ടര്‍ അമിര്‍ റാഷിദിയെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭം കൊടുമ്പിരി കൊണ്ട സ്ഥലങ്ങളിലെല്ലാം റെയ്ഡുകള്‍ തുടരുകയാണെന്നും വൈകുന്നേരം ആളുകള്‍ ഒത്തുചേരുമ്പോഴാണ് സൈന്യം പ്രധാനമായും പരിശോധന നടത്തുന്നതെന്നും റാഷിദി പറയുന്നു.
രാജ്യമെങ്ങും ഇന്‍റര്‍നെറ്റ് നിരോധിച്ച ഭരണകൂടത്തിന്‍റെ നടപടിയെ തുടര്‍ന്ന് ഇറാന്‍ ജനതയ്ക്ക് പുറംലോകവുമായുള്ള ബന്ധവും തിരിച്ചും ഏറെക്കുറെ നഷ്ടപ്പെട്ട നിലയിലാണ്. മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് മാത്രമായിരുന്നു പ്രക്ഷോഭത്തിന്‍റെ വിഡിയോകളും ചിത്രങ്ങളും പുറത്തെത്താനുള്ള ഏക മാര്‍ഗം. ഹൈടെക് ജാമറുകള്‍ ഇറാന്‍ പുറത്തെടുത്തതോടെ സ്റ്റാര്‍ലിങ്ക് ട്രാഫികിന്‍റെ 80 ശതമാനവും തടയപ്പെട്ടു. ഇറാന്‍ നിരോധിച്ച സ്റ്റാര്‍ലിങ്ക് ഇനിയും ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്ന് അറിയാനാണ് വീടുകള്‍ തോറും സൈന്യം കയറിയിറങ്ങുന്നത്. ഖമനയിയുടെ വിശ്വസ്തര്‍ പോലും അടിയന്തര വിവരങ്ങള്‍ കൈമാറുന്നതിനായി മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
1994ലാണ് ഡിഷുകളുടെ ഉപയോഗം ഖമനയി ഭരണകൂടം വിലക്കിയത്. എന്നിട്ടും ദശലക്ഷക്കണക്കിന് വരുന്ന ഇറാന്‍ ജനത ഡിഷുകള്‍ രഹസ്യമായി ഉപയോഗിച്ചുവന്നിരുന്നു. രണ്ടായിരത്തിലും 2010ലും വീടുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും പട്ടാളം വ്യാപക പരിശോധന നടത്തുകയും ഉപഗ്രഹ ഡിഷുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പതിനായിരത്തിലേറെപ്പേര്‍ അറസ്റ്റിലായിട്ടുമുണ്ട്.