trump-iran-executions-halt

TOPICS COVERED

പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിന്‍റെ ഇടപെടലിനെ തുടര്‍ന്ന് 800 പേരുടെ വധശിക്ഷ ഇറാൻ ഭരണകൂടം താൽക്കാലികമായി മരവിപ്പിച്ചെന്ന്  അമേരിക്ക. ഇറാന്‍  ഭരണകൂടത്തിനെതിരെ  പ്ര‌ക്ഷോഭം സംഘടിപ്പിവര്‍ക്കെതിരായാണ് വധശിക്ഷ വിധിച്ചിരുന്നത്. പ്രതിഷേധിക്കുന്നവര്‍ക്കെതിരായ വധശിക്ഷ നടപ്പാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഇറാൻ ഭരണകൂടത്തെ നേരിട്ടറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലവിറ്റ് പറഞ്ഞു

നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് സംഘടനയുടെ കണക്കുകൾ പ്രകാരം, സുരക്ഷാ സേനയുടെ വെടിയേറ്റ് ഇതുവരെ കുറഞ്ഞത് 3,428 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. യഥാർഥ മരണസംഖ്യ ഇതിലമേറെയാണെന്ന്  അവർ മുന്നറിയിപ്പ് നൽകുന്നു.

പ്രതിഷേധക്കാർക്കെതിരായ  നടപടികളിൽ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കം നടത്തുമെന്ന് ട്രംപ്  മുന്നറിയിപ്പ്  നല്‍കിയിരുന്നു. എന്നാല്‍   ഗൾഫ് രാജ്യങ്ങളുടെ ഇടപെടലിനെത്തുടർന്ന് തൽക്കാലം സൈനിക നടപടികളിൽ നിന്ന് അമേരിക്ക പിന്നോട്ട് പോയെന്നാണ് റിപ്പോർട്ടുകൾ. 

‌ഇറാനിൽ കഴിഞ്ഞ കഴിഞ്ഞയാഴ്ച  നടന്ന വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങൾ ഭരണകൂടത്തെ പിടിച്ചുലച്ചിരുന്നു. ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചും സൈനിക നടപടികള്‍  ശക്തമാക്കിയും സർക്കാർ പ്രതിഷേധത്തെ നേരിട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രക്ഷോഭകാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. സൈനിക നീക്കത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുകയാണെങ്കിലും, "എല്ലാ സാധ്യതകളും പ്രസിഡന്റിന് മുന്നിലുണ്ടെന്ന്" വൈറ്റ് ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കി.

അതേസമയം പ്രതിഷേധക്കാരെ സൈന്യത്തെ ഉപയോഗിച്ച്  അടിച്ചമർത്തുന്ന ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധങ്ങള്‍ കടുപ്പിച്ചു.  ഇറാന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെയുള്ള ഉപരോധങ്ങൾ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു.