രാജസ്ഥാനിലെ ലിലവാസ് ഗ്രാമത്തിൽ അമ്പത്തിയഞ്ചുകാരി തന്‍റെ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി . കവരാറാം കൽബെലിയയുടെ ഭാര്യ രേഖ ഉദയ്പൂരിലെ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലാണ് പ്രസവിച്ചത് . രേഖ ജന്മം നൽകിയ 17 മക്കളിൽ 4 ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ജനിച്ച ഉടനെ മരിച്ചിരുന്നു.
7 ആൺമക്കളും 5 പെൺമക്കളുമാണ് നിലവിൽ ഈ ദമ്പതികൾക്കുള്ളത്. രേഖയുടെ പതിനേഴാമത്തെ പ്രസവമല്ല വാര്‍ത്ത . കുട്ടികളുടെ എണ്ണം സംബന്ധിച്ച് ആശുപത്രി അധികൃതരോട് പറഞ്ഞ നുണയാണ് ഏവരെയും അമ്പരിപ്പിച്ചത്. ഇത് തന്‍റെ നാലാമത്തെ പ്രസവമാണെന്നാണ് ഡോക്ടർമാരോടുള്‍പ്പടെ അവർ പറഞ്ഞത്.
ആരോഗ്യപരമായ വിഷയങ്ങളിൽ ഡോക്ടർമാരെ വരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഗൈനക്കോളജിസ്റ്റായ റോഷൻ ദാരംഗി പറഞ്ഞു. മുൻപ് 16 തവണ പ്രസവിച്ചിട്ടുള്ളതിനാൽ, ഗർഭപാത്രം ദുർബലമായി, രക്തസ്രാവം കൂടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോ. റോഷൻ ദാരംഗി പറഞ്ഞു. രോഗി ആരോഗ്യ സംബന്ധമായ കാര്യത്തിൽ കള്ളം പറയുന്നത് പ്രസവം സങ്കീർണമാക്കുമെന്നും, അമ്മയുടെ ജീവൻ അപകടത്തിലാവാനുള്ള സാധ്യത ഏറെ കൂടുതലാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രേഖയുടെ 17-ാം പ്രവസത്തിൽ ഉദയ്പൂരിലെ ആരോഗ്യവിഭാഗം ആശങ്ക അറിയിച്ചിട്ടുണ്ട്.
തെക്കൻ രാജസ്ഥാനിലെ ഗോത്ര വിഭാഗക്കാർക്കിടയിൽ തുടർച്ചയായി പ്രസവമുണ്ടാകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാം അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.